സിപിഎം-സിപിഐ നേര്‍ക്കുനേര്‍

Sunday 19 November 2017 2:55 am IST

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നാണംകെടുത്തിയ സിപിഐയെ ഒതുക്കാന്‍ സിപിഎം. പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ സിപിഐയെ നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം.

മന്ത്രിസഭായോഗ ബഹിഷ്‌കരണം സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും സിപിഐയുടെ നടപടിയോട് ആ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്നൂം സിപിഎം പ്രചരിപ്പിക്കും. കെ.ഇ. ഇസ്മയിലിന്റെ പ്രതികരണം ഇതിനുള്ള പിടിവള്ളിയാക്കും. മന്ത്രിസഭായോഗ ബഹിഷ്‌കരണം പാര്‍ട്ടി അറിഞ്ഞില്ലെന്നു പറഞ്ഞത് ഇസ്മായില്‍ പിന്നീട് തിരുത്തിയെങ്കിലും ആദ്യ പ്രസ്താവന പരമാവധി മുതലെടുക്കാനാണ് നീക്കം. യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് സിപിഐ ആണെന്ന ധാരണ ഉണ്ടാകുന്നത് അപകടമെന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്.

അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടാന്‍ പലവഴികളും തേടുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ സിപിഎമ്മില്‍ നിന്നകലുന്നു. ഇവര്‍ സിപിഐയിലേക്കു പോകുമോയെന്ന ഭയവും സിപിഎമ്മിനുണ്ട്. പുതിയ ആളുകള്‍ വരുന്നതിലും എളുപ്പം സിപിഎം നിലപാടുകളില്‍ അതൃപ്തിയുള്ള കമ്മ്യൂണിസ്റ്റുകളെ ഒപ്പം ചേര്‍ക്കുകയാണെന്ന വിലയിരുത്തലിലാണ് സിപിഐ. അതിനാല്‍, ചാണ്ടി വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടന്നും അവര്‍ നിലപാടെടുത്തു. ഇസ്മായിലിന്റെ വേറിട്ട ശബ്ദം അവഗണിക്കും. അദ്ദേഹത്തോട് വിശദീകരണം തേടും. ബുധനാഴ്ചത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇക്കാര്യം ചര്‍ച്ച ചെയ്യും.

സിപിഐയെ പൊതുവേദിയില്‍ അടച്ചാക്ഷേപിച്ചാണ് വിട്ടുവീഴ്ചയില്ലെന്നു സിപിഎം പ്രഖ്യാപിച്ചത്. സിപിഐ നീക്കം മുന്നണി മാറ്റമെന്ന സൂചന നല്‍കി പാര്‍ട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് രംഗത്തെത്തിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയിലാണ് മത്സരിക്കുന്നതെന്ന് അറിയില്ല. തോളിലിരുന്ന് ചെവി കടിക്കുന്ന സ്വഭാവമാണ് അവരുടേത്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് വിമര്‍ശിക്കുന്നു. തങ്ങളാണ് ചാമ്പ്യന്മാരെന്നും സര്‍ക്കാര്‍ മോശക്കാരെന്നും വരുത്താനാണ് ശ്രമം- ഇതായിരുന്നു ആനത്തലവട്ടത്തിന്റെ ആരോപണം.

അതേസമയം, കൂടുതല്‍ പ്രതികരിച്ച് രാഷ്ട്രീയ നേട്ടം കളയാനും സിപിഐ ആഗ്രഹിക്കുന്നില്ല. എന്നാല്‍, തങ്ങളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി അമിതാധികാരം പ്രയോഗിക്കുന്നത് തടയാനാണ് ശ്രമം. ഇത് നീങ്ങുന്നത് സിപിഎം-സിപിഐ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.