സാമ്പത്തിക സംവരണം പ്രഹസനം - ശിവഗിരി മഠം

Sunday 19 November 2017 2:30 am IST

ശിവഗിരി : ഗുരുദേവ പ്രതിമയുടെ മറപിടിച്ച് സാമ്പത്തിക സംവരണം എന്ന രഹസ്യ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന കൗശലം വിദ്യാസമ്പന്നരായ പ്രബുദ്ധകേരളം തിരിച്ചറിയണമെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജാതിഭേദമില്ലാത്ത സാമൂഹ്യസൃഷ്ടിയുടെ ഭാഗമാണ് സാമുദായിക സംവരണം. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിയിട്ട ജനവിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരാനും ഭരണവ്യവസ്ഥയില്‍ പങ്കാളികളാക്കാനും നടത്തിയ ശാസ്ത്രീയവും തത്വദീക്ഷാപരവുമായ ഇടപെടലുകളാണ് ഇതിലൂടെ നവോത്ഥാനനായകര്‍ നടപ്പാക്കിയത്. അത് ഇപ്പോഴും ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയായിട്ടില്ല. സാമൂഹ്യസാഹചര്യങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ കേന്ദ്രീകൃതമായ അവസരം നോക്കി സര്‍ക്കാര്‍ നടത്തുന്ന മുതലെടുപ്പായിട്ടേ ഇപ്പോഴത്തെ നീക്കത്തെ കാണാന്‍ സാധിക്കൂ.

ജാതിയില്ലായ്മയുടെ കഥപറഞ്ഞ് സമുദായത്തെ രാഷ്ട്രീയ എലിപ്പെട്ടികളിലാക്കിയിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ പൊതുനാവ് എന്നൊന്നില്ല. ആ തക്കംനോക്കി കേരളത്തില്‍ ഏറ്റവും വലിയ ജാതിമേധാവിത്വം പുലര്‍ത്തുന്ന ദേവസ്വംബോര്‍ഡില്‍ തന്നെ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് വന്‍ ചതിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നാക്കം കൊണ്ടുവരാന്‍ സംവരണത്തിന്റെ ആവശ്യമില്ല. പ്രീണന ഇടപെടലുകള്‍ നിര്‍ത്തി സമബുദ്ധിയോടെ ഭരിച്ചാല്‍ മതി.

കേരളത്തിലും കേരളത്തിനു പുറത്തും ഇന്ത്യക്കുവെളിയില്‍പ്പോലും ഗുരുദേവ പ്രതിഷ്ഠകളും പ്രതിമകളും വിശ്വാസികള്‍ നന്നായി ആചരിച്ചു നടത്തുന്നുണ്ട്. ഇനി സര്‍ക്കാര്‍ വക പ്രതിമകൂടി വേണമെന്ന അഭിപ്രായം ഗുരുഭക്തര്‍ക്കില്ല.ഗുരുവിനെ വെരുമൊരു ചരിത്രപുരുഷനാക്കി കുറച്ചുകാണുന്ന ശ്രമത്തിന്റെ ഭാഗമാണ് പ്രതിമാസ്ഥാപനമെന്നേ കാണാനാകൂ. ജാതിയില്ലാ വിളംബരം ആഘോഷിച്ച സര്‍ക്കാര്‍ നിലപാടിനെ ശിവഗിരി എക്കാലവും അഭനന്ദിക്കും.

അതിന്റെ സമാപ്തിയില്‍ നിയമസഭയ്‌ക്കോ സെക്രട്ടേറിയറ്റിനോ മുന്നില്‍ കേരളത്തിന്റെ പ്രഖ്യാപിത നയമെന്ന നിലയില്‍ ഗുരുവിന്റെ ജാതിയില്ലാ വിളംബരം തങ്കലിപികളില്‍ കൊത്തിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത് വായിച്ചു വളരുന്ന പുതിയ തലമുറ ജാതിരഹിതമായി ചിന്തിക്കുന്ന കാലത്തേ സമുദായ സംവരണം പിന്‍വലിക്കാനാവൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.