തിരുവനന്തപുരം നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനം

Sunday 19 November 2017 2:53 am IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് പടിക്കെട്ട് കയറുന്നതിനിടെ തെന്നി വീഴുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ കാലില്‍ പിടിച്ചു മേയറെ തള്ളിയിട്ടതാണെന്നു ആരോപിച്ചാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ഓഫീസില്‍ ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദിച്ചത്. എന്നാല്‍, സംഭവ സമയത്തു ബിജെപി കൗണ്‍സിലര്‍മാര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ലെന്ന് ചിത്രത്തില്‍ വ്യക്തം.

തിരുവനന്തപുരം: നഗരസഭയിലെ ബിജെപി അംഗങ്ങള്‍ക്കു നേരെ മേയറുടെ നേതൃത്വത്തില്‍ ആക്രമണം. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ ആര്‍.സി. ബീന, എം. ലക്ഷ്മി എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലെ പ്രതി ഐ.പി. ബിനുവാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത്. സിന്ധു, റസിയാ ബീഗം, രാജിമോള്‍ എന്നീ സിപിഎം കൗണ്‍സിലര്‍മാരും പങ്കാളികളായി. ബിനുവും മേയറുടെ പിഎ ജിന്‍രാജും ചേര്‍ന്ന് ഗിരികുമാറിനെ നിലത്തിട്ട് ചവിട്ടി. നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിമി ജ്യോതിഷിന്റെ സാരിയില്‍ സിപിഎം അംഗം റസിയാ ബീഗം പിടിച്ചുവലിച്ചു, തുടര്‍ന്ന് മര്‍ദ്ദിച്ചു.

ബിജെപി കൊണ്ടുവന്ന പ്രമേയം അംഗീകരിക്കാത്തതിനെതിരെ നടന്ന പ്രതിഷേധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രമേയം അംഗീകരിക്കാതെ കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മേയര്‍ ക്യാബിനിലേക്ക് പോകുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതിനു ശേഷം ഓഫീസിലേക്ക് പോകുന്നതിനിടെ മുണ്ടില്‍ ചവിട്ടി കാല്‍ തെറ്റി മേയര്‍ വി.കെ. പ്രശാന്ത് വീണു. ഇതിനെ ബിജെപി കൗണ്‍സിലര്‍മാര്‍ തള്ളിയിട്ടുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ നേട്ടത്തിനായി സിപിഎം സംഘര്‍ഷം സൃഷ്ടിച്ചു.

സിപിഎം കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഇതിനിടെ, മര്‍ദ്ദനമേറ്റുവെന്ന് പറഞ്ഞ് മേയറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ റസിയാ ബീഗം, സിന്ധു എന്നിവരേയും ആശുപത്രിയിലാക്കി.

ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് താത്കാലികമായി നിര്‍ത്തണമെന്നാവശ്യപ്പെട്ട് മേയര്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കത്തയച്ചിരുന്നു. ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ. ഗിരികുമാര്‍ പ്രമേയം അവതരിപ്പിച്ചത്. കത്ത് പിന്‍വലിക്കാനാകില്ലെന്ന് മേയര്‍ റൂളിങ് നല്‍കി. ഇതിനെയാണ് ബിജെപി എതിര്‍ത്തത്. നഗരസഭ പാസാക്കിയ പ്രമേയം അട്ടിമറിക്കാനാണ് മേയറും കൂട്ടരും അക്രമത്തിലൂടെ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.