കെഎസ്ആര്‍ടിസി-റെയില്‍വേ ഏകോപനമില്ല പമ്പ ബസ് സര്‍വീസുകള്‍ താളം തെറ്റി

Sunday 19 November 2017 12:00 am IST

കോട്ടയം : കെഎസ്ആര്‍ടിസിയുടെ പമ്പ സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടക്കത്തില്‍ തന്നെ താളം തെറ്റി. ട്രെയിന്‍ സമയത്തിന് അനുസരിച്ച് ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അയയ്ക്കുന്നതില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ബസ്സുകളില്ലാത്തതാണ് ഇതിന് മുഖ്യകാരണം. ഇക്കാരണത്താല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമെത്തുന്ന ഭക്തര്‍ ഇന്നലെയും വലഞ്ഞു.
കോട്ടയത്ത് നിന്ന് പമ്പാ സര്‍വീസിനായി 25 ബസ്സാണ് ലഭിച്ചത്. പമ്പയ്ക്ക് അയയ്ക്കുന്ന ബസ്സുകളില്‍ അയ്യപ്പന്മാര്‍ കയറി നിറയുന്നതിന് വേണ്ടി പിടിച്ചിടുകയാണ്. 50 പേര്‍ കയറിയാല്‍ മാത്രമായിരിക്കും സര്‍വീസ് കോട്ടയത്തേക്ക് തിരിച്ച് വിടുകയുള്ളു. ഇക്കാരണത്താല്‍ ട്രെയിന്‍ സമയത്തിന് അനുസരിച്ച് ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അയയ്ക്കാന്‍ കഴിയാതെ വന്നു. പ്രതിഷേധം ശക്തമായതോടെ കോട്ടയം- പാലാ- തൊടുപുഴ ചെയിനും കോട്ടയം – കുമളി സര്‍വീസും ഇല്ലാതാക്കി ബസ്സുകള്‍ പമ്പയ്ക്ക് തിരിച്ച് വിട്ടു. ഈ സര്‍വീസുകള്‍ ഇല്ലാതാക്കിയത് മറ്റ് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. പ്രത്യേകിച്ച് കോട്ടയം – കുമളി റൂട്ടിലാണ് യാത്രാക്ലേശം ഉണ്ടായത്.
സ്‌പെഷ്യല്‍ സര്‍വീസ് വിടണമെങ്കില്‍ 50 പേര്‍ കയറിയിരിക്കണം. ഒരു ട്രെയിനില്‍ വന്ന യാത്രക്കാര്‍ അത്രയും പേരില്ലെങ്കില്‍ അടുത്ത ട്രെയിന്‍ വരുന്നത് വരെ ബസ്സ് സ്റ്റേഷനില്‍ പിടിച്ചിടുകയാണ്. ഇത് മണിക്കൂറോളം യാത്ര ചെയ്ത് വലഞ്ഞത്തുന്നവരെ കഷ്ടപ്പെടുത്തുകയാണ്. ഒരു മണിക്കര്‍ ബസ്സില്‍ ഇരുന്നിട്ടും സര്‍വീസ് വിടാത്തതിനെ തുടര്‍ന്ന് ഇന്നലെ ഏതാനും അയ്യപ്പന്മാര്‍ സ്വകാര്യ ടാക്‌സി വിളിച്ച് എരുമേലിക്ക് പോയി. കെഎസ്ആര്‍ടിസിയുടെ നിരുത്തരപദപരമായ സമീപനം സഹായകമാകുന്നത് സ്വകാര്യ ടാക്‌സിക്കാര്‍ക്കാണ്.
മുന്‍വര്‍ഷങ്ങളില്‍ കെഎസ്ആര്‍ടിസിയും റെയില്‍വേയും തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടായിരുന്നു. ചെന്നൈ മെയിലില്‍ എത്ര യാത്രക്കാര്‍ കോട്ടയത്ത് ഇറങ്ങുമെന്ന് മുന്‍കൂട്ടി റെയില്‍വേ അധികൃതരില്‍ നിന്ന് അറിഞ്ഞ് അതനുസരിച്ച് ബസ്സുകള്‍ സ്റ്റേഷനിലേക്ക് വിടുമായിരുന്നു. എന്നാല്‍ പമ്പയിലുള്ള സ്‌പെഷ്യല്‍ ഓഫീസറയായിരുന്നു ഇക്കാര്യം ഏകോപിപ്പിച്ചിരുന്നത്. ഈ വര്‍ഷം പരിചയ സമ്പന്നരായ ഓഫീസര്‍മാരെ ഒഴിവാക്കി പുതിയ ആളുകളെയാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ ചുമതലപ്പെടുത്തിയത്. ഇത് സര്‍വീസുകളുടെ ഓപ്പറേഷനെ ബാധിച്ചു.സിഐടിയു യൂണിയന് താല്പര്യമുള്ളവരെയാണ് സ്‌പെഷ്യല്‍ സര്‍വീസുകളുടെ ചുമതല നല്‍കിയെന്ന ആക്ഷേപം വ്യാപകമാണ്.
ചെന്നൈ മെയില്‍ കൂടാതെ ശബരി, ഹൈദ്രബാദ് എക്്‌സ്പ്രസ്, ചെന്നൈ – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ എന്നീ ട്രെയിനുകളിലാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ എത്തുന്നത്. ഇത് കൂടാതെ മറ്റ് ദീര്‍ഘ ദൂര ട്രെയിനുകളിലും അയ്യപ്പഭക്തര്‍ വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ വിവരം നല്‍കാന്‍ പോലും സ്റ്റേഷനില്‍ ഉദ്യോഗസ്ഥരില്ലയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.