ചെറുപുഴയോരത്ത് അലക്കുകേന്ദ്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍

Saturday 18 November 2017 10:15 pm IST

കൊടുവള്ളി: കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ചെറുപുഴയോരത്ത് അലക്കു കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. അലക്കുകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊടുവള്ളി നഗരസഭയിലെ കരുവന്‍പൊയിലിനടുത്ത ചെറുപുഴയില്‍ മാതോലത്ത് കടവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വ്യാവസായികാടിസ്ഥാനത്തില്‍ അലക്കുകേന്ദ്രം നിര്‍മ്മിക്കാനുള്ള ശ്രമം നടക്കുന്നത്. ചെറുപുഴയേയും ഇവിടെയുള്ള കുടിവെള്ള പദ്ധതികളെയും മലിനമാക്കുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന അലക്കു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് മാതോലത്ത് കടവ് പരിസരവാസികളും വെണ്ണക്കോട് കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. കൊടുവള്ളി നഗരസഭയിലെ തന്നെ പുല്‍പ്പറമ്പ് മുക്കില്‍ നേരത്തെ പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഈ അലക്കുകേന്ദ്രത്തില്‍ നിന്നും വന്‍തോതില്‍ പുറന്തള്ളിയ രാസപദാര്‍ത്ഥങ്ങളടങ്ങിയ മലിനജലം പരിസരവാസികളുടെ കുടിവെള്ളം മുട്ടിച്ചിരുന്നു. അലക്കുകേന്ദ്രത്തിന്റെ പരിസരങ്ങളിലെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഇതോടെ അലക്കുകേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു. ഇത് ചെറുപുഴയോരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയാല്‍ ചെറുപുഴയിലെ വെള്ളം, പരിസരങ്ങളിലെ വീടുകളിലെ കിണറുകള്‍, ജല അതോറിറ്റി കുടിവെള്ള പദ്ധതികളുടെ കിണറുകള്‍, നിരവധി ജലനിധി പദ്ധതികളുടെ കിണറുകള്‍, മുക്കം നഗരസഭയുടെ കീഴില്‍ ഗുണഭോക്തൃസമിതി നടത്തുന്ന വെണ്ണക്കോട് കുടിവെള്ള പദ്ധതിയുടെ കിണര്‍ എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.ഇതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ കുടിവെള്ള പദ്ധതികളാണ് നിലക്കുക. കൂടാതെ എന്‍ഐടിയിലേക്കും, കരുവന്‍ പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുമുള്ള കുടിവെള്ള പദ്ധതികളുടെ കിണറുകളും സ്ഥിതി ചെയ്യുന്നതും ചെറുപുഴയിലാണ്. ഇതിനും അലക്കു കേന്ദ്രം ഭീഷണിയാകും. വേനല്‍ക്കാലത്ത് ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലേയും മുക്കം നഗരസഭയിലേയും മുന്നൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ചെറുപുഴയെയാണ്. കൊടുവള്ളി നഗരസഭയുടെ അനുമതി ലഭിക്കാതെയാണ് സ്ഥാപനം തുടങ്ങുന്നതെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ വിവരാവകാശത്തിന് വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല. അലക്കുകേന്ദ്രം നിര്‍മിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി വിവരാവകാശത്തിനുള്ള മറുപടിയില്‍ പറയുന്നുണ്ട്. മാതോലത്ത്കടവില്‍ അലക്കുകേന്ദ്രം നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ.പി.മജീദ് പറയുന്നത്. അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചാല്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.