വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി

Saturday 18 November 2017 10:16 pm IST

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി വ്യാപനം ശാശ്വതമായി തടയുന്നതിന് പൊതുസമൂഹത്തെ അണിനിരത്തിയുള്ള ശക്തമായ പ്രതിരോധ സംവിധാനം ആവിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച് കലക്ടറേറ്റ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. കുട്ടികള്‍ ലഹരി വ്യാപാരത്തിന്റെ ഇടനിലക്കാരാകുന്നത് തടയാനും വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി ലഭ്യത ഇല്ലാതാക്കാനും പ്രവേശന മാര്‍ഗങ്ങള്‍ അടക്കാനുമാണ് പ്രഥമ പരിഗണന. ഇതിനാണ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം ആവശ്യമുള്ളത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ശാസ്ത്രീയമായി ബോധവത്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി ഒരു മാസത്തിനകം പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കും. കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ എഡിഎം ടി. ജനില്‍കുമാര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സന്തോഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ. സുരേഷ്, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, കോഴിക്കോട്- വയനാട് ജില്ലകളിലെ സ്‌കൂള്‍ അദ്ധ്യാപക, വിദ്യാര്‍ത്ഥി, രക്ഷകര്‍ത്താ, പിടിഎ പ്രതിനിധികള്‍, ജാഗ്രതാ സമിതികള്‍, എന്‍എസ്എസ് സെല്‍, സര്‍ക്കാറിതര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.