സിപിഐ പ്രവര്‍ത്തകര്‍ കുടുംബത്തെ ആക്രമിച്ചു

Sunday 19 November 2017 2:30 am IST

ചങ്ങനാശ്ശേരി: വീടിന്റെ ഗേറ്റിനുമുന്‍പില്‍ മാര്‍ഗ്ഗതടസ്സമായി നിന്ന കൊടിമരം മാറ്റണമെന്ന ആവശ്യപ്പെട്ട കുടുംബത്തെ സിപിഐ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ എംസിറോഡില്‍ സിഎസ്‌ഐ പള്ളിക്ക് സമീപം ഇല്ലിപ്പറമ്പില്‍ എബ്രഹാം തോമസ്, മാതാവ് ലീലാമ്മ തോമസ്, സഹോദരന്‍ ജോര്‍ജ്ജ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കൊടിമരം ഗേറ്റിനുമുന്നില്‍ നില്‍ക്കുന്ന കാര്യം ഫേസ് ബുക്കില്‍ ഇട്ടിരുന്നു. ഇതിനെതിരെയുള്ള പ്രചാരണം ശക്തമായതോടെയാണ് ഇവരെ ആക്രമിച്ചത്. രണ്ടുവര്‍ഷമായി കൊടിമരം ഇവിടെ സ്ഥാപിച്ചിട്ട്. വീട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു. കൊടിമരം മാറ്റി സ്ഥാപിക്കാനെത്തിയ ഇരുപതോളംവരുന്ന സംഘം ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വീടിനുനേരെ കല്ലേറും നടത്തി.

എബ്രാഹം തോമസ്, ലീലാമ്മ, ജോര്‍ജ്ജ് എന്നിവരെ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചു. കല്ലേറില്‍ വീടിന്റെ ഗേറ്റിനും വാതിലിനും കേടുപാടു സംഭവിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മണ്ഡലം സെക്രട്ടറി കെ.റ്റി. തോമസ്, മാധവന്‍പിള്ള, ലോക്കല്‍ സെക്രട്ടറി ഷാജിജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമിച്ചതെന്ന് മൊഴി കൊടുത്തതായി എബ്രഹാം തോമസ് പറഞ്ഞു.

2005-ലാണ് എബ്രഹാം തോമസ് വീടുവാങ്ങുന്നത്. 2015-ല്‍ ആണ് കൊടിമരം സ്ഥാപിച്ചത്. എബ്രഹാം തോമസ് കൊടിമരം മാറ്റി സ്ഥാപിക്കുന്ന കാര്യം സിപിഐക്കാരോട് സംസാരിച്ചിരുന്നു. ഇവര്‍ മാറ്റാന്‍ തയ്യാറായില്ല. കലക്ടര്‍ക്കും എസ്പിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.