മെട്രോ: അമിത പാര്‍ക്കിംഗ് ഫീസ് അവസാനിപ്പിക്കണമെന്ന്

Sunday 19 November 2017 2:04 am IST

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അമിതഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടി വരുന്നവരുടെ ദുരിതത്തിന് മെട്രോ റെയില്‍ അധികൃതര്‍ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം മെട്രോ റയില്‍ എംഡിയും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മെട്രോ റെയിലിന്റെ ആരംഭകാലത്ത് ഇത്തരം പ്രതിസന്ധികള്‍ സ്വാഭാവികമാണെങ്കിലും അവ പരിഹരിക്കാന്‍ സമയമായെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പാര്‍ക്കിംഗ് യാര്‍ഡില്‍ കാറിന് 250 രൂപയും ഇരുചക്രവാഹനത്തിന് 100 രൂപയുമാണ് പ്രതിദിന വാടകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ മെട്രോ യാത്രക്കാര്‍ മറ്റ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു.
പാര്‍ക്കിംഗ് ഫീസ് കാരണം മെട്രോയെക്കാള്‍ ലാഭം സ്വകാര്യവാഹനങ്ങളായതിനാല്‍ മെട്രോയില്‍ യാത്രക്കാര്‍ കുറയുകയാണെന്നും പരാതിയില്‍ പറയുന്നു. പാര്‍ക്കിംഗ് യാര്‍ഡില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.