വൃശ്ചികോത്സവത്തിന് കൊടിയേറി

Sunday 19 November 2017 2:06 am IST

തൃപ്പൂണിത്തുറ: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കംക്കുറിച്ച് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ കൊടിയേറി. ഇനിയുള്ള എട്ടുനാള്‍ ഉത്സവ ലഹരിയില്‍. തന്ത്രി മുഖ്യന്‍ പുലിയന്നൂര്‍ മുരളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. മേല്‍ശാന്തി രമേഷ് കുമാര്‍ എമ്പ്രാന്തിരി, കീഴ്ശാന്തി ജയരാജ് ജി.ക്കെ, എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. അനുഷ്ഠാന കലകളുടെയും ക്ഷേത്രകലകളുടെയും നിറസാന്നിദ്ധ്യത്തോടെ നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ച് ഗജവീരന്മാര്‍, പഞ്ചവാദ്യം, പഞ്ചാരി മേളങ്ങളുടെ എട്ട് രാപകലുകള്‍ നീണ്ട് നില്‍ക്കുന്ന വൃശ്ചികോത്സവത്തിന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ തുടക്കമായി.
കലാകാരന്‍മാരെ വ്യശ്ചികോത്സവ പുരസ്‌കാരം നല്‍കി ആദരിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കഥകളി ആശാന്‍ കലാമണ്ഡലം ഗോപിയെയും മദ്ദള കലാകാരന്‍ കലാമണ്ഡലം ശങ്കര വാര്യരെയും മേള പ്രമാണി പെരുവനം സതീശന്‍ മാരാരെയും അഡ്വ.എം. സ്വരാജ് എംഎല്‍എ ആദരിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശന്‍ അധ്യക്ഷനായി.
തൃപ്പൂണിത്തുറ ദേവസ്വം ഓഫീസര്‍ പി.ബി. ബിജു, ബോര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, അഡ്വ.ടി.എന്‍. അരുണ്‍കുമാര്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എന്‍. സുന്ദരന്‍, ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.ഹരി ,ദേവസ്വം സെക്രട്ടറി വി.എ ഷീജ, നഗരസഭ അദ്ധ്യക്ഷ ചന്ദ്രികാ ദേവി അഡ്വ. കമ്മീഷണര്‍ അഡ്വ: അച്ചുത് കൈലാസ്, വാര്‍ഡ് അംഗം രാധിക വര്‍മ്മ, അസിസ്റ്റന്റ കമ്മീഷണര്‍ ഉഷകുമാരി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സന്ധ്യക്കളികള്‍, പാഠകം, കോല്‍ക്കളി, 7:30 മുതല്‍ അത്താലൂര്‍ ശിവദാസന്റ് മേളപ്രമാണത്തില്‍ തായമ്പക, മദ്ദളപ്പറ്റ്, കൊമ്പ് പ്പറ്റ്, കുളല്‍പ്പറ്റ്, പഞ്ചാരിമേളം, പരിഷവാദ്യത്തോടെ ചോറ്റാനിക്കര സുരേന്ദ്രന്‍ മാരാരുടെ മേള പ്രമാണത്തില്‍ വിളക്കിനെഴുന്നള്ളിപ്പും നടന്നു. രാത്രി 9 മുതല്‍ പത്മഭൂഷണ്‍ ഡോ:എല്‍. സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരിയും നടന്നു. മൃദംഗം വി.വി രമണ മൂര്‍ത്തി, ഘടം തൃപ്പൂണിത്തുറ എന്‍. രാധാകൃഷ്ണന്‍, മുഖര്‍ ശംഖ് കെ. സത്യസായി എന്നിവര്‍ വയലിന്‍ കച്ചേരിക്ക് പക്കമേളമൊരുക്കി. തുടര്‍ന്ന് രാത്രി 12 മുതല്‍ കിര്‍മീരവധം, ബാലി വിജയം കഥകളിയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.