'പദ്മാവതി'യുടെ റിലീസ് തീയതി മാറ്റി

Sunday 19 November 2017 4:08 pm IST

ന്യൂദല്‍ഹി: ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം 'പദ്മാവതി'യുടെ റിലീസ് തീയതി മാറ്റി. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ചരിത്രം വളച്ചൊടിക്കുന്നതാണ് സിനിമയെന്നും റാണി പദ്മാവതിയുടെ ജീവിതകഥയില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് വിവിധ സംഘടനകള്‍ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. പദ്മാവതി' സിനിമയ്‌ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. ചരിത്രം വളച്ചൊടിച്ചു? അധിനിവേശക്കാരനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴ്‌പ്പെടാതെ മരണത്തെ വരിച്ച റാണി പദ്മാവതി രജപുത്ര വംശത്തിന്റെ അഭിമാനമാണ്. ചരിത്രം വളച്ചൊടിച്ച് പദ്മാവതിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയരംഗമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ഇത്തരത്തില്‍ ഒരു രംഗം പോലും സിനിമയില്‍ ഉണ്ടാകരുതെന്നാണ് രജപുത്ര കര്‍ണിസേനയുടെ മുന്നറിയിപ്പ്. പ്രണയ രംഗങ്ങള്‍ ഖില്‍ജി സ്വപ്‌നം കാണുന്നതെന്നാണ് സംവിധായകന്റെ വിശദീകരണം. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയയുടെ രചനയാണ് സിനിമക്ക് ആധാരമാക്കിയത്. എന്നാല്‍ ഈ കൃതി ചരിത്രത്തെ നിഷേധിക്കുന്നതാണെന്ന വിമര്‍ശനമുണ്ട്. അക്രമകാരിയായ ഖില്‍ജിയെ മഹത്വവല്‍ക്കരിക്കുന്നതായും പ്രണയം ഉള്ളിലൊതുക്കി വംശത്തിന്റെ ദുരഭിമാനത്തിനായി പദ്മാവതി ജീവനൊടുക്കിയതെന്ന വ്യാഖ്യാനവും സിനിമയിലുണ്ടെന്ന് ആരോപണമുയര്‍ന്നു. ഇത് രജപുത്രരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്നതില്‍ തര്‍ക്കമില്ല. മതിയായ വിശദീകരണം നല്‍കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. യോജിപ്പിലെത്താതെ സിനിമ പുറത്തിറക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബന്‍സാലിക്ക് സാധിക്കില്ല. പദ്മാവതിയായി ദീപിക പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിങ്ങുമാണ് സിനിമയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.