ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമം; കെഎസ്ആര്‍ടിസി കിതക്കുന്നു

Sunday 19 November 2017 7:30 pm IST

കണ്ണൂര്‍: ആവശ്യത്തിന് ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ ഇല്ലാതായതോടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്താകുന്നത് തുടര്‍ക്കഥയാകുന്നു. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ ഇതുമൂലം നിരവധി ബസ്സുകളാണ് സര്‍വ്വീസ് നടത്താതെ കട്ടപ്പുറത്ത് കയറ്റിയിട്ടുളളത്. മികച്ച വരുമാനം ലഭിക്കുന്ന റൂട്ടുകളില്‍പ്പോലും സര്‍വ്വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ച് പുറത്തുപോയതോടെ കെഎസ്ആര്‍ടിസിക്ക് നാഥനില്ലാത്ത അവസ്ഥയാണുള്ളത്. ബസ്സുകള്‍ കൂട്ടത്തോടെ ഓട്ടം നിര്‍ത്തിയതോടെ ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത യാത്രാദുരിതമാണ് അനുഭവപ്പെടുന്നത്. ഇന്നലെ മൂന്ന് ഡിപ്പോകളിലുമായി 25 ഓളം ബസ്സുകളാണ് മുടങ്ങിയത്. ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വ്വീസ് മുടക്കുന്നത് മൂലം കടുത്ത യാത്രാദുരിതം അനുഭവപ്പെടാറുണ്ട്. ഇതിന് ചെറിയൊരാശ്വാസമായിരുന്നു സര്‍ക്കാര്‍ ബസ്സുകള്‍. എന്നാല്‍ ഇന്നലെ സര്‍ക്കാര്‍ ബസ്സുകളും കൂട്ടത്തോടെ ഷെഡ്ഡിലാവുകയായിരുന്നു.
മലയോര മേഖലകളിലേക്കും ഉള്‍നാടുകളിലേക്കും പോകുന്ന ബസ്സുകളാണ് മിക്ക ദിവസങ്ങളിലും ഓടാതിരിക്കുന്നത്. പയ്യന്നൂരില്‍ ടയര്‍ക്ഷാമം കാരണം ആഴ്ചകളായി സര്‍വ്വീസുകള്‍ക്ക് മുടക്കം നേരിട്ടുവരികയാണ്. ഇത് മറ്റ് ഡിപ്പോകളിലും വ്യാപിച്ചതോടെ ഗതാഗതമേഖല കടുത്ത പ്രതിസന്ധിയിലായി.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ ആര് പരിഹരിക്കുമെന്ന കാര്യത്തിലും തര്‍ക്കും ഉടലെടുത്തിട്ടുണ്ട്. സംസ്ഥാനത്താകമാനം 1500 ഓളം ബസ്സുകള്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ടയര്‍ എന്നിവയില്ലാതെ കട്ടപ്പുറത്തായിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 1000 ബസ്സുകള്‍ കെഎസ്ആര്‍ടിസിയുടെയും 500 ബസ്സുകള്‍ കെയുആര്‍ടിസിയുടേതുമാണ്. കെഎസ്ആര്‍ടിസിയുടെ 4700 ഓളം ബസ്സുകളും കെയുആര്‍ടിസിയുടെ 450 ഓളം ബസ്സുകളും മാത്രമേ ഇന്നലെ റോഡിലിറങ്ങിയുള്ളൂ. നേരത്തെ 5.5 കോടി രൂപ പ്രതിദിന വരുമാനമുണ്ടായിരുന്നത് ഇപ്പോള്‍ 4.5 കോടിയായി ചുരുങ്ങിയിട്ടുണ്ട്. പ്രതിമാസം 323 കോടി രൂപ ചെലവും 170 കോടി രൂപ വരുമാനവുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത്. ബസ്സുകളുടെ ക്ഷാമവും പല ഡിപ്പോകളിലും നേരിടുന്നുണ്ട്. ശബരിമല ഉത്സവം തുടങ്ങിയതോടെ പല ഡിപ്പോകളില്‍ നിന്നും ബസ്സുകള്‍ കോട്ടയത്തേക്ക് കൊണ്ടുപോയതോടെയാണ് ക്ഷാമം നേരിടാന്‍ തുടങ്ങിയത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി രണ്ട് വര്‍ഷം പഴക്കമുള്ള 25 ഓളം ബസ്സുകളാണ് ശബരിമല സര്‍വ്വീസിനായി അയച്ചിട്ടുള്ളത്. 25 ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ പല മേഖലയിലും യാത്രാപ്രശ്‌നം നേരിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ലോക്കല്‍ പര്‍ച്ചേസ് നിര്‍ത്തലാക്കിയതാണ് ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവക്ക് ക്ഷാമം നേരിടാന്‍ കാരണം. കഴിഞ്ഞ മണ്ഡലകാലത്ത് 500 ഓളം പുതിയ ബസ്സുകള്‍ റോഡില്‍ ഇറക്കിയെങ്കിലും ഇക്കുറി അതുണ്ടായിട്ടില്ല. 100 കെയുആര്‍ടിസി ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും അതും റോഡിലിറങ്ങിയിട്ടില്ല. സ്വകാര്യ കമ്പനികളില്‍ നിന്നും പാട്ടത്തിനെടുത്ത് സ്‌കാനിയ ബസ്സ് ഓടിക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള ബസ്സുകള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിക്കാന്‍ പോലും പണം അനുവദിക്കാത്തത് യാത്രക്കാരോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.