മറിഞ്ഞുവീണ കോണ്‍ക്രീറ്റ് തൂണ്‍ വെടിമരുന്നുവെച്ച് തകര്‍ത്തു; ഇരിട്ടി പാലത്തിന്റെ അടിത്തറ തകര്‍ന്നു

Sunday 19 November 2017 7:30 pm IST

ഇരിട്ടി: കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇരിട്ടി പുഴയിലുണ്ടായ ശക്തമായ കുത്തൊഴുക്കില്‍ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് പൈലിങ് തൂണ്‍ വെടിമരുന്നു വെച്ച് തകര്‍ക്കാനുള്ള ശ്രമത്തില്‍ ഇരിട്ടി പാലത്തിന്റെ അടിത്തറയിളകി. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന്റെ പുഴയുടെ മദ്ധ്യത്തില്‍ നില്‍ക്കുന്ന കരിങ്കല്‍ തൂണിന്റെ അടിത്തറയാണ് ഇളക്കിയത്. ഇതിന്റെ അടിഭാഗത്തെ കരിങ്കല്‍ ഇളകിത്തെറിക്കുകയും കരിങ്കല്‍ തൂണില്‍ വിള്ളല്‍ വീഴുകയും ചെയ്തു. ഇതോടെ ഇപ്പോഴുള്ള പാലവും അപകടാവസ്ഥയിലായി.
തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇരിട്ടി പുഴക്ക് കുറുകേ പുതിയ പാലം നിര്‍മ്മിക്കുന്നത്. പഴയ പാലത്തിന് സമാന്തരമായാണ് പുതിയപാലം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തി നടന്നു വരുന്നത്. മാസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട ശക്തമായ കുത്തൊഴുക്കില്‍ പുതിയ പാലത്തിന്റെ പൈലിംഗ് തൂണ്‍ മറിഞ്ഞു വീണിരുന്നു. പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലാശയത്തില്‍ നൂറുകണക്കിന് ലോഡ് മണ്ണിട്ട് നികത്തി പുഴയില്‍ നടത്തിയ പൈലിംഗും ഇതിന്റെ മുകളില്‍ നിര്‍മ്മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണും മറിഞ്ഞുവീണതും മണ്ണും മറ്റ് പൈലിംഗ് പ്രവര്‍ത്തികളും ഒഴുകിപ്പോയതും വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് നാലോളം പാലം നിര്‍മ്മാണ വിദഗ്ദര്‍ സ്ഥലം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കെഎസ്ടിപി പാലത്തിന്റെ പുതിയ ഡിസൈന്‍ ലഭ്യമാക്കാഞ്ഞതിനെത്തുടര്‍ന്ന് കരാറുകാര്‍ പാലം പണി നിര്‍ത്തിവെച്ചിരുന്നു.
അടുത്തദിവസം തന്നെ ഡിസൈന്‍ ലഭ്യമാകും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി പുഴയില്‍ അകപ്പെട്ട കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണും പൈലിംഗ് ഉപകരണങ്ങളുടെ ഭാഗങ്ങളും, കഴിഞ്ഞവര്‍ഷം പുഴയില്‍ പാലം ജോലിക്കിടെ മറിഞ്ഞ് മുങ്ങിപ്പോയ കോണ്‍ക്രീറ്റ് മില്ലറിന്റെ ഭാഗങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് പാലം കരാറുകാര്‍ വളപട്ടണത്തെ ഖലാസിമാരെ ഏല്‍പ്പിച്ചിരുന്നു. ഇത് നീക്കം ചെയ്യുവാന്‍ ഇവര്‍ക്ക് നിശ്ചിത തുകക്ക് കരാര്‍ ചെയ്യുകയായിരുന്നു. ടണ്‍ കണക്കിന് ഭാരമുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണ്‍ പുഴയില്‍ നിന്നും കരയിലേക്ക് വലിച്ചു മാറ്റുക ഏറെ പ്രയാസകരമായ പ്രവര്‍ത്തിയായിരുന്നു. പഴശ്ശി പദ്ധതിയുടെ ഭാഗമായ പുഴ ആയതുകൊണ്ടുതന്നെ മഴക്കാലങ്ങളില്‍ കുത്തൊഴുക്കില്‍ തൂണ്‍ ഒഴുകിപ്പോയി കിലോമീറ്റര്‍ മാത്രം അകലെയുള്ള ഡാമിന് ഭീഷണി സൃഷ്ടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇത് പുഴയില്‍ നിന്നും മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. പുഴമദ്ധ്യത്തില്‍ ഇപ്പോഴുള്ള പാലത്തിന്റെ കരിങ്കല്‍ തൂണിനോട് ചേര്‍ന്നായിരുന്നു ഈ കോണ്‍ക്രീറ്റ് തൂണ്‍ കിടന്നിരുന്നത്. ഇത് വലിച്ചുമാറ്റുവാന്‍ പ്രയാസം നേരിട്ടതിനെത്തുടര്‍ന്ന് ഖലാസികള്‍ കോണ്‍ക്രീറ്റ് തൂണില്‍ പലയിടത്തായി കുഴികള്‍ ഉണ്ടാക്കി വെടിമരുന്ന് നിറച്ച് പൊട്ടിച്ച് കളയുകയായിരുന്നു. ഈ സ്‌ഫോടനഫലമായാണ് ഇപ്പോള്‍ എണ്‍പതാണ്ടിലേറെ പഴക്കമുള്ള ഇരിട്ടി പാലത്തിന്റെ കരിങ്കല്‍ തൂണിന്റെ അടിത്തറയിലെ കരിങ്കല്ലുകള്‍ ഇളകുകയും വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരിക്കുന്നത്.
അതിശക്തമായ സ്‌ഫോടനമാണ് ഇവിടെ നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇതുവരെ യാതൊരുവിധ തകരാറുകളും ഇല്ലാതിരുന്ന ഇരിട്ടി പാലത്തിന്റെ അടിത്തറതന്നെ സ്‌ഫോടനത്തിലൂടെ ഇളക്കിയ നടപടിയെക്കുറിച്ചു അധികാരികള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുഴയുടെ മദ്ധ്യത്തില്‍ നില്‍ക്കുന്ന തൂണ്‍ എന്ന നിലയില്‍ എത്രമാത്രം ഇതിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ഉടനെ നേരിട്ടെത്തി പരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.