സഞ്ജുവിന് വീണ്ടും സെഞ്ചുറി; കേരളം മികച്ച നിലയില്‍

Sunday 19 November 2017 4:39 pm IST

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത സഞ്ജു സാംസണിന്റെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തില്‍ മൂന്നാം ദിനത്തില്‍ കേരളം മികച്ച നിലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 314/3 എന്ന നിലയിലാണ്. 141 റണ്‍സുമായി സഞ്ജുവും 65 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കുമാണ് ക്രീസില്‍. കേരളത്തിനിപ്പോള്‍ 307 റണ്‍സിന്റെ ലീഡുണ്ട്. മത്സരത്തില്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയിരുന്നു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 225 റണ്‍സ് പിന്തുടര്‍ന്ന സൗരാഷ്ട്ര 232 റണ്‍സ് എടുത്ത് നിര്‍ണായകമായ ഏഴു റണ്‍സിന്റെ ലീഡ് നേടി. റോബിന്‍ ഉത്തപ്പയുടെ 86 റണ്‍സ് ആണ് സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിനു കരുത്തായത്. സ്‌നെല്‍ എസ്. പട്ടേല്‍ 49 റണ്‍സും ജെ.എം. ചൗഹാന്‍ 30 റണ്‍സും ജെ. ഉനാത്കത് 26 റണ്‍സും നേടി. കേരളത്തിനുവേണ്ടി സിജോമോന്‍ ജോസഫ് നാലു വിക്കറ്റും ബേസില്‍ തമ്പി മൂന്നു വിക്കറ്റും നേടി. ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ജലജ് സക്‌സേന, രോഹന്‍ പ്രേം എന്നിവര്‍ 44 റണ്‍സ് വീതമെടുത്ത് പുറത്തായി. 12 റണ്‍സ് എടുത്ത മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സൗരാഷ്ട്രയ്‌ക്കെതിരെ വിജയിച്ചാല്‍ മാത്രമേ മൂന്നാം സ്ഥാനക്കാരായ കേരളത്തിന് നോക്കൗണ്ട് ഘട്ടത്തിലേക്കു മുന്നേറാനാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.