ഐഎന്‍ടിയുസി കെട്ടിടം അനധികൃതം; നടപടിയില്ല

Monday 20 November 2017 2:55 am IST

ആലപ്പുഴ: കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ഐഎന്‍ടിയുസി ഓഫീസിന് ആലപ്പുഴ നഗരസഭയുടെ സംരക്ഷണം, ഇതു സംബന്ധിച്ച് വിവിധ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും നഗരഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്.
പ്രതിപക്ഷവും നിര്‍ജ്ജീവം. ന്യൂബസാറിലാണ് ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍ടിയുസി കെട്ടിടം നിര്‍മിച്ചത്. നിലവിലുണ്ടായിരുന്ന ഷെഡ്ഡിന്റെ മേല്‍ക്കൂര മാറ്റാനാണ് നഗരസഭയില്‍നിന്ന് അനുമതിവാങ്ങിയത്. എന്നാല്‍ നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കുകയായിരുന്നു.
അനധികൃത കെട്ടിടനിര്‍മാണം നടത്തുന്നതായി നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ നഗരവാസികളില്‍ ചിലര്‍ വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സ് ഇടപെടലോടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഐഎന്‍ടിയുസിക്ക് നഗരസഭ നോട്ടീസ് നല്‍കി. എന്നാല്‍ നിര്‍മാണം നിര്‍ത്തിയില്ല.
തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് നഗരസഭ വീണ്ടും കത്തു നല്‍കുകയും കെട്ടിടം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയുടെ ഈ ഉത്തരവിനും ഐഎന്‍ടിയുസി നേതൃത്വം വിലകല്‍പ്പിച്ചില്ല.
ആഗസ്റ്റ് 18ന് കെട്ടിടം പൊളിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നഗരസഭ സ്വന്തംനിലയില്‍ പൊളിച്ച് കളയുമെന്നും കാണിച്ച് സെക്രട്ടറി സ്ഥിരീകരണ ഉത്തരവ് നല്‍കി.
ഇതിനിടയില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. കെട്ടിടം പൊളിക്കുന്നതിന് എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരെ നഗരസഭാ സെക്രട്ടറി ചുമതലപ്പെടുത്തി. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് 1,20,000 രൂപ അവര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
എന്നാല്‍ ഈ എസ്റ്റിമേറ്റ് കൗണ്‍സില്‍ യോഗത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല, ഇതിനെതിരെ ശബ്ദം ഉയര്‍ത്തേണ്ട പ്രതിപക്ഷം മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.