സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവ്

Monday 20 November 2017 2:45 am IST

കോട്ടയം : സര്‍ക്കാരിന്റെ രൂക്ഷമായ ധനപ്രതിസന്ധി മറികടക്കാന്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ട്രഷറി നിയന്ത്രണത്തിന് പുറമേയാണിത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കാനും ധനകാര്യ വകുപ്പ് തീരുമാനിച്ചു.

അനര്‍ഹര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാരിന് ഉണ്ടായ സാമ്പത്തിക നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനും ഉത്തരവായി. അപേക്ഷകനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നഷ്ടം വരുത്തിയതിന് തുല്യ ഉത്തരവാദികളായിരിക്കും. സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം ഈ ഉദ്യോഗസ്ഥര്‍ വഹിക്കണണെന്നാണ് ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന വ്യക്തികളും നിയമനടപടി നേരിടേണ്ടിവരും.

വാങ്ങിയ തുക ഇവരില്‍ നിന്ന് തിരിച്ചുപിടിക്കും. ഭാവിയില്‍ ഇത്തരക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അനര്‍ഹരെ ഒഴിവാക്കാന്‍ എന്ന പേരില്‍ കൊണ്ടുവരുന്ന നിയന്ത്രങ്ങളില്‍പ്പെട്ട് അര്‍ഹരായ പലര്‍ക്കും പെന്‍ഷന്‍ കിട്ടാതെവരും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ മാത്രം 1500 കോടി രൂപ വേണം. ഇതാണ് പെന്‍ഷന്‍ നിയന്ത്രണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മാറുന്നതിനും നിയന്ത്രണമുണ്ട്. ഇത് തദ്ദേശ സ്ഥാപനങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കും.

സര്‍ക്കാര്‍ പരിപാടികള്‍ ആഘോഷമാക്കാന്‍ കോടികള്‍ ചെലവാക്കുന്ന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരെ ലക്ഷ്യമിടുന്നത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവരില്‍ നല്ലൊരു ശതമാനവും നിരാലംബരും ജീവിത സായാഹ്നത്തില്‍ യാതൊരു വരുമാനവും ഇല്ലാത്തവരുമാണ്. കേരളത്തില്‍ നിലവില്‍ 42.5 ലക്ഷത്തോളം പേര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനും 10 ലക്ഷത്തോളം പേര്‍ ക്ഷേമനിധി പെന്‍ഷനും കൈപ്പറ്റുന്നവരാണ്.

2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 60 വയസ്സില്‍ കൂടുതലുള്ള 42.28 ലക്ഷം പേരാണ് ഉള്ളത്. ഇതില്‍ത്തന്നെ സര്‍വ്വീസ് പെന്‍ഷന്‍ ലഭിക്കുന്നവരുടേയും ഒരു ലക്ഷത്തിലധികം രൂപ വാര്‍ഷിക വരുമാനമുള്ളവരുടെയും എണ്ണം കുറയ്ക്കുമ്പോള്‍ ഇപ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ എണ്ണം കൂടതലാണെന്നാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

പെന്‍ഷന്‍ തുക 1100 ആയി വര്‍ധിപ്പിക്കുകയും കൂടി ചെയ്തതിനാല്‍ അര്‍ഹരായ വ്യക്തികള്‍ക്ക് മാത്രം പെന്‍ഷന്‍ കൊടുത്താല്‍ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. പുതിയ അപേക്ഷകള്‍ തത്ക്കാലം പരിഗണിക്കണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.