ഹരികൃഷ്ണന്റെ മരണം: തെറ്റായ വാര്‍ത്ത നല്‍കി ഛത്തീസ്ഗഡ് സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമം

Monday 20 November 2017 2:45 am IST

ഹരികൃഷ്ണന്‍

കുറവിലങ്ങാട്: ദേശീയ കിക് ബോക്‌സിങ് താരം കോട്ടയം കടപ്പൂര്‍ വട്ടുകുളം കൊച്ചുപറമ്പില്‍ ഹരികൃഷ്ണ(24)ന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായവാര്‍ത്തകള്‍ നല്‍കി കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഛത്തീസ്ഗഡ് സര്‍ക്കാരിനെയും മുഖ്യമന്ത്രി രമണ്‍സിംഗിനെയും അപമാനിക്കാന്‍ നീക്കം നടത്തുന്നു.

ബോക്‌സിങ് പരിശീലന സമയത്ത് കുഴഞ്ഞുവീണ ഹരികൃഷ്ണനെ അസോസിയേഷന്‍ ഭാരവാഹികളാണ് റായ്പൂരിലെ ഹോസ്പിറ്റലില്‍ എത്തിച്ചത്. എന്നാല്‍ ഹരികൃഷ്ണന് ചികിത്സ നിഷേധിച്ചതായും ഇതിന് കാരണം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും വാര്‍ത്തകള്‍ നല്‍കുകയുണ്ടായി. ഇതിനെതിരെ കേരള ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറി തന്നെ രംഗത്ത് എത്തിയിരുന്നു.

65 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ഹരികൃഷ്ണനെ തുടര്‍ചികിത്സക്കായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. തലച്ചോറിലുണ്ടായ അണുബാധയെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ മനപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ മുതലെടുപ്പിനാണ് കേരളത്തിലെ ഇടത്, വലത് പാര്‍ട്ടിയും അവര്‍ക്കൊപ്പം ചില പത്രങ്ങളുടെ ഓണ്‍ലൈനുകളും ശ്രമിക്കുന്നതായും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഹരികൃഷ്ണന്‍.

ഈ വര്‍ഷം സപ്തംബര്‍ 9നാണ് പരിശീലനത്തിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞു വീണത്. ബ്ലഡ് കോട്ട് ചെയ്തതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നിര്‍ദ്ദേശിച്ചു. റായ്പൂരിലെ ആശുപത്രിയില്‍ ഓപ്പറേഷനു ശേഷം 65 ദിവസത്തോളം വിഐപി ഐസിസിയുവില്‍ കഴിഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വിഐപി പരിഗണനയും തുടര്‍ ചികിത്സക്കാവാശ്യമായ ഏകദേശം 20 ലക്ഷത്തോളം രൂപയും മരുന്നുകളും നല്‍കി.

മരുന്നുകളില്‍ ചിലത് രാജ്യത്തിന് പുറത്തുനിന്നാണ് എത്തിച്ചത്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഛത്തീസ്ഗഡ് സര്‍ക്കാരിനെ മനഃപൂര്‍വ്വം കരുവാക്കുന്നതായും കേരള കിക് ബോക്‌സിങ് കോച്ച് തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.