പരാജയഭീതി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ സ്ഥാനമേല്‍ക്കും

Monday 20 November 2017 2:46 am IST

ന്യൂദല്‍ഹി: പത്തൊമ്പത് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനം കൈമാറുമെന്ന് സൂചന നല്‍കി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ഗുജറാത്ത്, ഹിമാചല്‍ ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനമേല്‍ക്കാമെന്നായിരുന്നു രാഹുലിന്റെ നിലപാട്.

രണ്ട് സംസ്ഥാനങ്ങളിലും വിജയപ്രതീക്ഷയില്ലാത്തതിനാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം ചുമതലയേല്‍ക്കുന്നത് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഗുജറാത്തിലെ ജാതിനേതാക്കളുടെ പിന്‍ബലത്തില്‍ വാര്‍ത്തയിലിടം നേടാന്‍ ഇപ്പോള്‍ രാഹുലിന് സാധിക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി സ്ഥാനാരോഹണം നേരത്തെയാക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉപദേശിച്ചു.

സോണിയയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കും. 14 ദിവസം വരെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കല്‍, വോട്ടെടുപ്പ് തുടങ്ങിയവയുടെ വിവിധ തീയതികള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സോണിയക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രാഹുലിനെതിരെ മത്സരമുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ നടപടികള്‍ എളുപ്പമാകും. ഡിസംബര്‍ ഒമ്പതിന് ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്‍പ് രാഹുല്‍ അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്.

പക്വതയില്ലാത്ത നേതാവെന്ന വിശേഷണത്തിനുടമയായ രാഹുലിനെ നയിക്കാന്‍ മുതിര്‍ന്ന നേതാവിനെ ഉപാധ്യക്ഷനാക്കുമെന്നും സൂചനയുണ്ട്. മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പേരുള്‍പ്പെടെ ഇതില്‍ പ്രചരിക്കുന്നുണ്ട്. 1998 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് സോണിയ. രാഹുല്‍ അധ്യക്ഷനാകുമ്പോള്‍ സോണിയയുടെ പാര്‍ട്ടിയിലെ ചുമതല എന്താകുമെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്. അവര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്നാണ് സൂചന.

അനാരോഗ്യം കാരണം ഒരു വര്‍ഷത്തിലേറെയായി സോണിയ സജീവമല്ല. സാങ്കേതികമായി സോണിയയാണ് അധ്യക്ഷയെങ്കിലും രാഹുലാണ് പാര്‍ട്ടിയെ നയിക്കുന്നത്. അതിനാല്‍ രാഹുലിന്റെ സ്ഥാനാരോഹണം പാര്‍ട്ടിയില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.