വണ്ടിപ്പെരിയാര്‍ കള്ളനോട്ട് കേസ്: മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

Monday 20 November 2017 2:45 am IST

ജോബിള്‍, ജിന്റോ, ശ്രീജിത്ത്

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ 500 രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ മുഖ്യപ്രതിയുടെ സഹോദരനടക്കം മൂന്ന് പേര്‍ കൂടി പിടിയിലായി. പത്ത് മാസത്തിനിടെ മൂവരും മാറിയെടുത്തത് 70 ലക്ഷം രൂപയുടെ കള്ളനോട്ട്.

കേസില്‍ ആദ്യം പിടിയിലായ ജോബിന്റെ സഹോദരന്‍ കരുണാപുരം കൂട്ടാര്‍ തേര്‍ഡ് ക്യാമ്പ് തുണ്ടിയില്‍ ജോബിള്‍(32), ജോബിളിന്റെ ഭാര്യയുടെ സഹോദരന്‍ പാറത്തോട് മുണ്ടിയെരുമ താന്നിമൂട്ടില്‍ ശ്രീജിത്ത്(24), തൃശൂര്‍ മുകുന്ദപുരം മുരിയാട് പാറേക്കാട്ടുകാര കള്ളിവളപ്പില്‍ ജിന്റോ(22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

കഴിഞ്ഞ മെയ് എട്ടിനാണ് കുട്ടിക്കാനത്തെ പെട്രോള്‍ പമ്പില്‍ കള്ളനോട്ട് നല്‍കിയതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പാറത്തോട് സ്വദേശി ജോജോ വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിലാവുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി 42 ലക്ഷത്തിന്റെ കള്ളനോട്ട്, അഞ്ച് കോടിയുടെ നോട്ട് അടിക്കാനാവശ്യമായ പേപ്പറും മറ്റ് സാമഗ്രികളും, പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന ആധുനിക ചൈനീസ് യന്ത്രം തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. രണ്ട് സ്ത്രീകളും പിടിയിലായിട്ടുണ്ട്.

കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വിവിധ ഇടങ്ങളിലായി പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.