മേയര്‍ സത്യസന്ധനാകണം

Monday 20 November 2017 2:45 am IST

തിരുവനന്തപുരം നഗരസഭയില്‍ ശനിയാഴ്ചയുണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ്. രണ്ടുവര്‍ഷം മുമ്പ് നിയമസഭയിലുണ്ടായതിന്റെ തനിയാവര്‍ത്തനമാണ് നഗരസഭയിലുണ്ടായത്. സിപിഎമ്മിന്റെ നികൃഷ്ട രാഷ്ട്രീയനീക്കങ്ങളാണ് കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിലെത്തിച്ചത്. നഗരസഭയില്‍ എന്ത് പ്രകോപനമുണ്ടായാലും സംയമനം ഉറപ്പുവരുത്താനുള്ള ചുമതല മേയര്‍ക്കാണ്.

പക്ഷേ, മേയര്‍ കക്ഷിചേര്‍ന്ന് കയ്യാങ്കളിയുടെ ഭാഗമാകുന്നതാണ് തിരുവനന്തപുരത്ത് കണ്ടത്. സിപിഎമ്മിന്റെ അസൂയയും അസഹിഷ്ണുതയും മേയറിലൂടെ പ്രതിഫലിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നഗരത്തില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രമേയം കൊണ്ടുവന്നിരുന്നു. അത് പരിഗണിക്കാന്‍പോലും കൂട്ടാക്കാതെ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് ചേംബറിലേക്ക് നടക്കുമ്പോള്‍ ഇതിനെ കൗണ്‍സിലര്‍മാര്‍ ചോദ്യംചെയ്തതിനെതിരെ സിപിഎം കൗണ്‍സിലര്‍മാരാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ഇതിനിടെ കോണിപ്പടിയില്‍ കയറുമ്പോള്‍ മുണ്ട് കുരുങ്ങി മേയര്‍ വീഴുകയായിരുന്നു. ഒരുകൈപോലും മേയറുടെ ദേഹത്ത് തട്ടിയിട്ടില്ല. അതേസമയം, സിപിഎമ്മിന്റെ കൗണ്‍സിലര്‍മാര്‍ ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തിട്ടുമുണ്ട്.

മേയര്‍ക്കെതിരെ വധശ്രമം നടന്നെന്ന് വരുത്തിത്തീര്‍ത്ത് കള്ളക്കേസെടുക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. തന്നെ കൊല്ലുകയായിരുന്നു ബിജെപിയുടെ ശ്രമമെന്ന് പിന്നീട് മേയര്‍ പ്രശാന്ത് പ്രസ്താവിക്കുകയും, മുഖ്യമന്ത്രി അത് അടിവരയിട്ട് ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്. മേയര്‍ സത്യസന്ധമായല്ല കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നഗരത്തില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ ഇന്ന് വ്യാപകമാണ്. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഇതിനകം 16 വിളക്കുകള്‍ സ്ഥാപിച്ചു. സുരേഷ്‌ഗോപിയും റിച്ചാര്‍ഡ് ഹെയും എംപി ഫണ്ട് ഉപയോഗിച്ച് ഇതുപോലെ സ്ഥാപിച്ചുകഴിഞ്ഞു. ഇവരുടെയെല്ലാം പേര് നഗരത്തില്‍ നിറഞ്ഞുകഴിഞ്ഞു. ഇനി ശേഷിക്കുന്ന അപേക്ഷയും വന്നുകഴിഞ്ഞാല്‍ നഗരസഭ ഭരിക്കുന്ന ഇടതുപക്ഷത്തിന് വലിയ ക്ഷീണമാകുമെന്നവര്‍ കരുതുന്നു. 15 ബസ് ഷെല്‍ട്ടറുകള്‍ രാജഗോപാലിന്റെ പേരില്‍ ഉയരുന്നു. നഗരത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഇടത് എംഎല്‍എ. അദ്ദേഹത്തിന്റെ പേരില്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. നഗരത്തില്‍ ഒരിടത്തും കോണ്‍ഗ്രസ്, ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും പേര്‍ പ്രകടമാകുന്നതൊന്നും വേണ്ടെന്ന സിപിഎം തീരുമാനം നടപ്പാക്കാനായിരുന്നു മേയറുടെ ശ്രമം.

മേയര്‍ പ്രശാന്തിനുനേരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഒരു മണ്‍തരിപോലും എടുത്തിട്ടില്ല എന്നിരിക്കെ, തലയിലും കഴുത്തിലും കാലിലും വച്ചുകെട്ടുമായി മേയര്‍ ഐസിയുവില്‍ കിടക്കുന്നത് തനിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് കാണിക്കാനാണ്. മേയര്‍ക്ക് പരിക്കേറ്റിരുന്നുവെങ്കില്‍ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ അദ്ദേഹം നടന്ന് ആശുപത്രിയിലേക്ക് പോകുമായിരുന്നില്ല. തലയില്‍ മുറിവുണ്ട് എന്നുപറയുന്നത് വ്യാജപ്രചാരണമാണ്. നെറ്റിയിലുള്ള മുഖക്കുരുവിന്റെ പുറത്ത് വച്ചുകെട്ടിയിട്ട് അത് കൊലപാതക ശ്രമത്തിനിടയില്‍ ഉണ്ടായ മുറിവാണെന്ന് പ്രചരിപ്പിക്കുന്ന മേയര്‍ ജനപ്രതിനിധികള്‍ക്കാകെ അപമാനമാണ്. അക്രമം നടന്നു എന്നുപറയുന്ന സ്ഥലത്തുവച്ച് മേയറുടെ പോക്കറ്റ് കീറിയിരുന്നില്ല. അതേസമയം മേയറുടെ മുറിക്കുള്ളില്‍ കയറി പുറത്തിറങ്ങിയപ്പോള്‍ ആ പോക്കറ്റ് കീറി തൂങ്ങിക്കിടക്കുന്നതായി കാണുന്നു. ഒന്നുകില്‍ മേയര്‍ സ്വയം വലിച്ചുകീറിയതോ അല്ലെങ്കില്‍ സിപിഎമ്മുകാരായ മറ്റാരെങ്കിലും ചെയ്തതതോ ആണ്.

ആ ബഹളത്തിനിടെ 50 ലേറെ പുറത്തുനിന്നുള്ള ആള്‍ക്കാര്‍ കൗണ്‍സില്‍ ഹാളിനകത്ത് ഉണ്ടായിരുന്ന വിവരം മറച്ചുവച്ചിട്ടാണ് ഈ കളവ് പ്രചരിപ്പിക്കുന്നത്. മേയറുടെ മുഖക്കുരു പൊട്ടിയതിന് കൊലപാതകശ്രമത്തിന് കേസെടുക്കുന്ന പോലീസായി പിണറായി വിജയന്റെ പോലീസ് അധഃപതിച്ചിരിക്കുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയും ജനനേതാക്കള്‍ക്കെതിരെയും കള്ളക്കേസെടുക്കാനാണ് ശ്രമം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശുപത്രിവാസം നടത്തുന്ന മേയറെ എയിംസിലെ വിദഗ്ധഡോക്ടര്‍മാര്‍ പരിശോധിച്ച് യഥാര്‍ഥ വിവരം പുറത്തുകൊണ്ടുവരണം.

ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാറിനെയും വനിതാ കൗണ്‍സിലര്‍മാരെയും ആക്രമിച്ച മേയര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. മേയര്‍ പാര്‍ട്ടിയുടെ ചട്ടുകമാകാതെ സത്യസന്ധത പുലര്‍ത്തണം. സംഘര്‍ഷത്തിലേക്കല്ല, സമാധാനത്തിലേക്കാണ് മേയറുടെ ശ്രമം വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.