റാഗിങ്: വിദ്യാര്‍ത്ഥിനികള്‍ക്ക് ഫൈനിട്ടത് 13 ലക്ഷം

Monday 20 November 2017 2:45 am IST

പട്‌ന: കോളേജുകളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക. ഇര പരാതിപ്പെട്ടാല്‍ കൈ ചോരും. ശിക്ഷ പിന്നാലെയെത്തും. ഇരയുടെ കൂട്ടുകാര്‍ ആശ്വസിക്കാന്‍ വരട്ടെ. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അവര്‍ക്കും ശിക്ഷ ഉറപ്പ്.

ബിഹാറിലെ ധര്‍ഭംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒന്ന്, മൂന്ന് സെമസ്റ്ററുകളിലെ 54 വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിന്റെ പേരില്‍ ഒടുക്കേണ്ട പിഴ ഓരോരുത്തരും 25,000 രൂപ, ആകെ 13.50 ലക്ഷം രൂപ. റാഗ് ചെയ്തവര്‍ക്ക് ശിക്ഷയാണെങ്കില്‍, കുറ്റക്കാര്‍ ആരെന്ന് അധികൃതരെ അറിയിക്കാത്തതിനുള്ള പിഴ മറ്റുള്ളവര്‍ക്ക്. ഈ മാസം 25നുള്ളില്‍ പിഴയടയ്ക്കണം. ഇല്ലെങ്കില്‍, ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. വിവരം പുറത്തായതിനാല്‍ പോലീസ് കേസിനും സാധ്യത.

ഈ മാസം 11നാണ് സംഭവങ്ങളുടെ തുടക്കം. ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ മൃഗീയമായി റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് (എംസിഐ) ഇ മെയിലില്‍ പരാതി നല്‍കിയത്. അഞ്ച് ദിവസത്തിനു ശേഷം എംസിഐ പരാതി കോളേജ് അധികൃതര്‍ക്ക് കൈമാറി.
കോളേജിലെ റാഗിങ് വിരുദ്ധ സെല്‍ അന്വേഷണം നടത്തി ആരോപണം ശരിയെന്നു കണ്ടെത്തി. ഓള്‍ഡ് ഹോസ്റ്റലില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനികളാണ് റാഗ് ചെയ്തതെന്നും വ്യക്തമായി. എന്നാല്‍, ആരൊക്കെയാണിതെന്ന് പറയാന്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളോ, ഇരയുടെ സഹപാഠികളോ തയാറായില്ല.

അതോടെയാണ് എല്ലാവര്‍ക്കും പിഴയെന്ന കടുത്ത നടപടിക്ക് തയാറായതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രബീന്ദ്ര കുമാര്‍ സിന്‍ഹ വ്യക്തമാക്കി. ഈ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍.

കഴിഞ്ഞയാഴ്ചയും ബീഹാറില്‍ സമാനമായ സംഭവമുണ്ടായി. ഭഗല്‍പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ 33 രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് 25,000 രൂപ വീതം പിഴയീടാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.