രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നു

Monday 20 November 2017 2:46 am IST

ഹൈദരാബാദ്: ഹിന്ദു സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ തെലങ്കാനയില്‍ സ്ഥാപിക്കുന്നു. ഏകതയുടെ പ്രതിമ എന്ന വിശേഷത്തോടെ ഗുജറാത്തില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാനുള്ള തയാറെടുപ്പുകള്‍ തുടരുന്നതിനിടെയാണ് ഹൈദരാബാദ് വിമാനത്താവളത്തിനടുത്ത് രാമാനുജാചാര്യയുടെ 216 അടി ഉയരത്തില്‍ പ്രതിമ സ്ഥാപിക്കുന്നത്.

മുചിന്റല്‍ ഗ്രാമത്തില്‍ നാല്‍പ്പതേക്കറിലാണ് പ്രതിമ സ്ഥാപിക്കുക. ശ്രീ ത്രിദന്ദി ചിന്ന ജീയര്‍സ്വാമി ആശ്രമത്തിന്റേതാണ് ഈ ഭൂമി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. അനാച്ഛാദനത്തിന് എത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചിട്ടുണ്ടെന്ന് ആശ്രമത്തിന്റെ വക്താവ് ദേവനാഥ സ്വാമി പറഞ്ഞു. പഞ്ചലോഹത്തിലാണ് പ്രതിമ നിര്‍മിക്കുന്നത്.

ഇരിക്കുന്ന രീതിയിലുള്ള ലോകത്തിന്റെ വലിയ രണ്ടാമത്തെ പ്രതിമയാവും ഇത്. 302 അടി ഉയരമുള്ള ബാങ്കോക്കിലെ ബുദ്ധപ്രതിമയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. ചൈനയിലെ എയ്‌റോസണ്‍ കോര്‍പ്പറേഷനെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ആയിരം കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.