വ്യാജപ്രചാരണം പൊളിഞ്ഞു; മേയര്‍ വീണത് സിപിഎം കൗണ്‍സിലറുടെ തള്ളലില്‍

Monday 20 November 2017 2:45 am IST

തിരുവനന്തപുരം: മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു എന്ന പ്രചാരണം പൊളിഞ്ഞു. സിപിഎമ്മിന്റെ മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ സിന്ധുവും മറ്റ് കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്നാണ് മേയര്‍ വി.കെ. പ്രശാന്തിനെ തള്ളിയിട്ടതെന്ന് വീഡിയോ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞു. ഇത് വ്യക്തമാക്കുന്ന വീഡിയോ ചിത്രങ്ങള്‍ ബിജെപി ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

ബിജെപിക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന സിന്ധുവിന്റെ വയറ്റില്‍ ചവിട്ടുന്നതും നെഞ്ചില്‍ ഇടിക്കുന്നതും സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനുവാണെന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ബിജെപി സംസ്ഥാനകാര്യാലയവും ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന ആളാണ് ബിനു. പടിക്കെട്ടില്‍ കാല്‍തെറ്റി വീണ മേയറെ എണീല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ തെളിഞ്ഞുകാണാം. എഴുന്നേറ്റ മേയര്‍ പടികയറി നടന്നാണ് ആഫീസിലേക്കു പോകുന്നത്.

വീണപ്പോള്‍ മേയറുടെ പോക്കറ്റ് കീറിയിരുന്നില്ല. പോക്കറ്റിലെ മൊബൈല്‍ ഫോണോ പേനകളോ താഴെ വീണതുമില്ല. എന്നാല്‍ മേയര്‍ മുറിയില്‍ കയറി പുറത്തിറങ്ങിയപ്പോള്‍ പോക്കറ്റ് കീറി തൂങ്ങിക്കിടക്കുയായിരുന്നു. സ്വയം വലിച്ചുകീറിയതോ മറ്റാരെങ്കിലും ചെയ്തതോ എന്ന് വ്യക്തം.
ബിജെപി കൗണ്‍സിലര്‍മാര്‍ വലിച്ചു താഴെയിട്ടു എന്നു പറഞ്ഞാണ് സിപിഎം കൗണ്‍സിലര്‍ ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചിത്. തലയിലും കഴുത്തിലും കാലിലും വച്ചുകെട്ടുമായി ഐസിയുവില്‍ കിടക്കുന്ന മേയര്‍ തനിക്ക് ഗുരുതര പരിക്കേറ്റു എന്ന് അഭിനയിക്കുകയാണെന്ന് വ്യക്തം.

അത്രയ്ക്ക് പരിക്കേറ്റിരുന്നുവെങ്കില്‍ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ നടന്ന് ആശുപത്രിയിലേക്ക് പോകുമായിരുന്നില്ല. തലയില്‍ മുറിവുണ്ട് എന്നതും വ്യാജമാണ്. പടികയറി പോകുന്ന മേയറുടെ മുഖം വ്യക്തമായി ചിത്രത്തില്‍ കാണാം. ഒരു പരിക്കും കാണാനില്ല. നെറ്റിയിലുള്ള മുഖക്കുരുവിന്റെ പുറത്ത് വച്ചുകെട്ടിയിട്ട് അത് മുറിവാണെന്ന് പ്രചരിപ്പിക്കുകയാണ്.
കൊലപാതകശ്രമത്തിന്റെ പേരില്‍ കേസ്സെടുക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നില്‍.

മുഖ്യമന്ത്രിയും അതിനു കൂട്ടു നില്‍ക്കുന്നു എന്നതാണ് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്. മേയര്‍ക്കെതിരെ നടന്നത് വധശ്രമമായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.