മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡ് ടെന്‍ഡറായി; പണികള്‍ ഉടന്‍ തുടങ്ങും

Monday 20 November 2017 12:00 am IST

ഏറ്റുമാനൂര്‍: എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത മണര്‍കാട് – ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡിന്റെ അടുത്ത ഘട്ടത്തിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡറായി. പേരൂര്‍ പൂവത്തുംമൂട് കവല മുതല്‍ പാലാ റോഡില്‍ ഏറ്റുമാനൂര്‍ പാറകണ്ടം വരെയുള്ള പണികളാണ് ഈ ഘട്ടത്തില്‍ നടക്കുക. സ്ഥലം വിട്ടു കിട്ടാത്തതിനാല്‍ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള പണികള്‍ ഇനിയും വൈകും.
19.5 കോടിരൂപയാണ് പൂവത്തുംമൂട് മുതല്‍ പാറകണ്ടം വരെയുള്ള പണികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ വരെ സ്ഥലമെടുപ്പിനും റോഡ് നിര്‍മ്മാണത്തിനും കൂടി 72 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പണി അനിശ്ചിതത്വത്തിലായിരുന്നു. ബൈപ്പാസിന്റെ പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍-പേരൂര്‍ വികസനസമിതി പ്രസിഡന്റ് മോന്‍സി പേരുമാലിലിന്റെ നേതൃത്വത്തില്‍ മന്ത്രി ജി.സുധാകരന് പരാതി നല്‍കിയിരുന്നു.
മണര്‍കാട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഭാഗം പാലം ഉള്‍പ്പെടെ പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായി. പൂവത്തുംമൂട്ടില്‍ ഏറ്റുമാനൂര്‍-സംക്രാന്തി റോഡിലെത്തി നില്‍ക്കുകയാണ് ബൈപ്പാസ് റോഡ് ഇപ്പോള്‍. തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളില്‍ പരിചയമില്ലാത്തവര്‍ നേരെ ഓടിച്ചു കയറുന്നത് എതിര്‍വശത്ത് റോഡിനായി ഏറ്റെടുത്തിട്ടുള്ള കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തേക്കാണ്. ഈ രീതിയില്‍ ഒട്ടേറെ അപകടങ്ങള്‍ ഈ ഭാഗത്ത് ഉണ്ടാകുന്നതായി മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അപകടങ്ങള്‍ നിയന്ത്രിക്കാന്‍ നാട്ടുകാരും വ്യാപാരികളും ഇവിടെ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ടാര്‍പോളിന്‍ വലിച്ചുകെട്ടുകയും ചെയ്തിരുന്നു. എം.സി.റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്നും ഒഴിവാകാന്‍ പാലാ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളും കോട്ടയം ടൗണിലെ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കെ.കെ.റോഡിലൂടെ വരുന്ന മെഡിക്കല്‍ കോളേജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇപ്പോള്‍ ഏറ്റുമാനൂര്‍-സംക്രാന്തി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പേരൂര്‍ റോഡിന് ആവശ്യമായ വീതി ഇല്ലാത്തത് ഇതിനകം നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഒരു വണ്ടിക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന കരിമ്പനം പാലത്തില്‍ നിന്ന് അടുത്തിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
ശബരിമല സീസണില്‍ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി ശബരിമലയ്ക്ക് പോകുന്ന നല്ലൊരു ശതമാനം ഭക്തരും പേരൂര്‍ റോഡിലൂടെ മണര്‍കാടെത്തിയാണ് യാത്ര തുടരുന്നത്. എം.സി റോഡ് നവീകരിച്ചിട്ടും ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു കുറവും ഇതു വരെ ഉണ്ടായിട്ടില്ല. ബൈപ്പാസ് റോഡ് പൂര്‍ണ്ണമായാല്‍ എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും. അതുപോലെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും. കരാര്‍ വെച്ച് ഒരു മാസത്തിനകം പണികള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.