ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്തു; പാക് സൈന്യത്തിന്റെ ട്വിറ്റര്‍ പൂട്ടി

Sunday 19 November 2017 11:06 pm IST

ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത പാക് സൈന്യത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി. പാക്കിസ്ഥാന്‍ ഡിഫന്‍സ് ഫോറത്തിന്റെ വെരിഫൈഡ് അക്കൗണ്ടാണ് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. അക്രമങ്ങള്‍ക്കെതിരെ ദല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധിക്കുന്ന നിയമവിദ്യാര്‍ത്ഥിനി കവല്‍പ്രീത് കൗറിന്റെ ഫോട്ടോയാണ് ദുരുപയോഗം ചെയ്തത്. ആള്‍ക്കൂട്ട അക്രമത്തിനെതിരെ കവല്‍പ്രീത് പിടിച്ച പ്ലക്കാര്‍ഡിന് പകരം താന്‍ ഇന്ത്യക്കാരിയാണെങ്കിലും ഇന്ത്യയെ ഇഷ്ടപ്പെടുന്നില്ലെന്നും തന്റെ രാജ്യം നാഗന്മാര്‍, കശ്മീരികള്‍ തുടങ്ങിയവരുടെ പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്നുവെന്നും എഴുതിയ പ്ലക്കാര്‍ഡ് മോര്‍ഫ് ചെയ്ത് ഉള്‍പ്പെടുത്തുകയായിരുന്നു. ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ കവല്‍പ്രീത് രംഗത്തെത്തി. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. നേരത്തെയും ഇതേ അക്കൗണ്ടില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം നടന്നിരുന്നു. വ്യാജപ്രചാരണത്തിനെതിരെ രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്ന് കവല്‍പ്രീത് പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.