തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ

Sunday 19 November 2017 11:07 pm IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. ഇന്നലെ എസ്ഡിപിഐക്കാര്‍ സിപിഎമ്മുകാരനെ തല്ലിച്ചതച്ചതിനു പിന്നാലെ ജില്ലയിലെ പല സ്ഥലങ്ങളിലും ആക്രമണം ഉണ്ടായി. വ്യാപകമായി ബോര്‍ഡുകളും കൊടികളും നശിപ്പിക്കപ്പെട്ടു. മേയര്‍ക്കെതിരെ വധശ്രമമുണ്ടായി എന്ന പേരില്‍ സിപിഎം നടത്തിയ വ്യാജ പ്രചാരണം സംഘര്‍ഷം ശക്തമാക്കി. ഇന്നലെ വൈകിട്ട് കരിക്കകത്ത് അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസ് സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. ശബരിമല അയ്യപ്പന്മാര്‍ക്കായി തയാറാക്കിയിരുന്ന കഞ്ഞി എടുത്തുകളഞ്ഞ് പാത്രങ്ങള്‍ നശിപ്പിച്ചു. എസ്ഡിപിഐക്കാര്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ തല്ലിയതിന്റെ പേരില്‍ സിപിഎമ്മുകാര്‍ പല സ്ഥലങ്ങളിലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയാണ് അക്രമം അഴിച്ചുവിട്ടത്. എസ്ഡിപിഐക്കാര്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. എസ്ഡിപിഐ-സിപിഎം സംഘര്‍ഷത്തെ വര്‍ഗീയവത്കരിക്കാനും ശ്രമം നടക്കുന്നു. ജില്ലയില്‍ സിപിഎം ആസൂത്രിതമായ അക്രമം നടത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ ദിവസം ആറ്റുകാല്‍ ആശുപത്രി തല്ലിത്തകര്‍ത്ത് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. തുടര്‍ന്ന് പല സ്ഥലങ്ങളിലും കല്ലേറും കൈയേറ്റവുമുണ്ടായി. മേയറെ മര്‍ദ്ദിച്ചുവെന്നുപറഞ്ഞ് ജില്ലയിലുടനീളം ഡിവൈഎഫ്‌ഐക്കാര്‍ ആഭാസ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. പോലീസ് അകമ്പടിയോടെയായിരുന്നു ഇത്. ക്രമസമാധാനം തകര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പോലീസ് മേധാവി കാര്യങ്ങള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.