ഹാര്‍ദിക് അനുകൂലികള്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

Monday 20 November 2017 11:59 am IST

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസിനൊപ്പം രാജ്‌കോട്ടില്‍ റാലി നടത്താനുള്ള തീരുമാനം റദ്ദാക്കിയ ഹാര്‍ദിക് ഇന്ന് അഹമ്മദാബാദില്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഹാര്‍ദിക്കിന്റെ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കോണ്‍ഗ്രസിന് തലവേദനയായി.

77 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതില്‍ 20 സീറ്റുകള്‍ ഹാര്‍ദിക് ആവശ്യപ്പെട്ടിരുന്നു. പട്ടികയിലുള്ള 18 പട്ടേലുമാരില്‍ ഒരാള്‍ പോലും ഹാര്‍ദിക്കിന്റെ സംഘടനയിലുള്ളവരല്ല. ഹാര്‍ദിക്കിന്റെ സംഘടനാ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെ വിവിധ സ്ഥലങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ പട്ടീദാര്‍ സമിതിക്കാര്‍ തല്ലിത്തകര്‍ത്തു. ഗുജറാത്തിലെ ഒറ്റ കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സൂറത്തിലെ പട്ടീദാര്‍ സമിതി കണ്‍വീനര്‍ ധാര്‍മ്മിക് മാളവ്യ മുന്നറിയിപ്പ് നല്‍കി.

വിജയസാധ്യതയില്ലാത്ത ധോരജ്, ജൂനഗഡ് സീറ്റുകളാണ് പട്ടീദാര്‍ സമിതിക്കാര്‍ക്ക് നല്‍കിയത്. ഇതില്‍ ധോരജിലെ സ്ഥാനാര്‍ത്ഥി ലളിത് വസോയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് പത്രിക സമര്‍പ്പിച്ചത്. വസോയയ്‌ക്കെതിരെ പട്ടീദാര്‍ സമിതി കണ്‍വീനര്‍ ദിനേശ് ബാംബനിയ തിരിഞ്ഞു. പട്ടീദാര്‍ സമിതിയുടെ രണ്ടുപേര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത് സംഘടനയോട് ചോദിക്കാതെയാണെന്ന് മറ്റൊരു കണ്‍വീനര്‍ അല്‍പേഷ് കതിരിയ പറഞ്ഞു. മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട് വെസ്റ്റില്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സാന്നിധ്യത്തിലായിരുന്നു പത്രികാസമര്‍പ്പണം. മൂന്നാംഘട്ട പട്ടികയും ഇന്നലെ പുറത്തിറക്കി. 28 അംഗ പട്ടികയില്‍ പട്ടേല്‍ സമൂഹത്തില്‍ നിന്നുള്ള നേതാക്കളായ മൂന്ന് മുന്‍ മന്ത്രിമാരെ ഒഴിവാക്കി. നാനു വനാനി, ജയന്തി കവദിയ, വല്ലഭ് വഗാസ്യ എന്നിവര്‍ക്കാണ് സീറ്റ് നിഷേധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.