രഞ്ജി: കേരളം തകര്‍ത്തു; സൗരാഷ്ട്രയെ അട്ടിമറിച്ചത് 309 റണ്‍സിന്

Monday 20 November 2017 12:41 pm IST

തിരുവനന്തപുരം: രഞ്ജി ട്രോഫി നിര്‍ണായക മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കരുത്തരായ സൗരാഷ്ട്രയെ 309 റണ്‍സിനാണ് കേരളം കീഴടക്കിയത്.

വിജയലക്ഷ്യമായ 405 റണ്‍സ് പിന്തുടര്‍ന്ന് നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര 95 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേന, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സിജോമോന്‍ ജോസഫ്, അക്ഷയ് കെ.സി എന്നിവരാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ആദ്യ ഇന്നിങസില്‍ നാലു വിക്കറ്റെടുത്ത സിജോമോന്‍ ഇതോടെ ഏഴു വിക്കറ്റ് സ്വന്തം പേരില്‍കുറിച്ചു.

സ്‌കോര്‍: കേരളം 225.411/6 ഡിക്ലയേര്‍ഡ്, സൗരാഷ്ട്ര 232, 95.

നാലാം ദിനം 30ന് ഒന്ന് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ സൗരാഷ്ട്ര സമനില പ്രതീക്ഷിച്ച് പ്രതിരോധത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്റ്‌സ്മാന്മാര്‍ ഒന്നിനുപുറകെ ഒന്നായി കൂടാരം കയറി. അവസാന അഞ്ച് വിക്കറ്റുകള്‍ വീണത് അഞ്ച് റണ്‍സ് എടുക്കുന്നതിനിടയിലാണ്.

ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയ്ക്ക് 12 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ കേരളം ജയം ഉറപ്പിച്ചിരുന്നു. 24 റണ്‍സെടുത്ത ഷെല്‍ഡന്‍ ജാക്‌സണാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. സ്‌നെല്‍ പട്ടേല്‍(20), ജയദേവ് ഷാ(13), ജെ എം ചൗഹാന്‍(14) എന്നിവരാണ് സൗരാഷ്ട്ര നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. അഞ്ചുപേര്‍ പൂജ്യരായി.

തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ (175) ബാറ്റിങ് കരുത്തിലാണ് 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കേരളമുയര്‍ത്തിയത്. സഞ്ജുവാണ് കളിയിലെ താരം.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന സൗരാഷ്ട്രയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്. അതേസമയം കേരളത്തിന്റെ നാലാം ജയവും.

ഗുജറാത്തിനെതിരെയായിരുന്നു കേരളത്തിന്റെ ഏക തോല്‍വി. തോറ്റതോടെ സൗരാഷ്ട്ര പോയിന്റ് പട്ടികയില്‍ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 27 പോയിന്റുമായി ഗുജറാത്ത് ഒന്നും 24 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തും. സൗരാഷ്ട്രയ്ക്ക് 23 പോയിന്റാണുള്ളത്.

ഹരിയാനയ്‌ക്കെതിരെ ഒരു മത്സരം കൂടി കേരളത്തിന് ബാക്കിയിട്ടുണ്ട്. അതില്‍ ജയിച്ചാല്‍ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാകും. അല്ലങ്കില്‍ ഗുജറാത്തിന്റെയും സൗരാഷ്ട്രയുടെയും അവസാന മത്സരങ്ങള്‍ കൂടി കഴിഞ്ഞാലെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവൂ. ഗുജറാത്ത് ഝാര്‍ഘണ്ടിനേയും സൗരാഷ്ട രാജസ്ഥാനെയുമാണ് നേരിടുക. രഞ്ജിയില്‍ പ്രാഥമികറൗണ്ടില്‍ കേരളം നാലു മത്സരങ്ങള്‍ ജയിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.