വധശ്രമം നാടകം: ബിജെപി

Tuesday 21 November 2017 2:37 am IST

തിരുവനന്തപുരം: നഗരസഭയ്ക്കുള്ളില്‍ മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന സിപിഎം പ്രചാരണം വ്യാജമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്. അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. മേയറെ വധിക്കാന്‍ ശ്രമിച്ചു എന്നത് സിപിഎമ്മും പോലീസും ചേര്‍ന്ന് സൃഷ്ടിച്ച നാടകമാണ്. കഴിഞ്ഞദിവസം സഭയ്ക്കുള്ളില്‍ നടന്ന സംഭവങ്ങളില്‍ മേയര്‍ക്കെതിരെ ആരെങ്കിലും കൈയോങ്ങുകയോ മര്‍ദ്ദിക്കുകയോ ഉണ്ടായിട്ടില്ലെന്ന് വീഡിയോദൃശ്യങ്ങളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. അതേസമയം മേയറും സിപിഎമ്മിന്റെ ചില കൗണ്‍സിലര്‍മാരും ചേര്‍ന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ ഗിരികുമാറിനെയും വനിതാ കൗണ്‍സിലര്‍മാരായ ആര്‍. ബീനയെയും എം. ലക്ഷ്മിയെയും ആക്രമിക്കുകയായിരുന്നു. സിപിഎമ്മിന്റെ മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ സിന്ധും മറ്റ് കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്നാണ് മേയറെ തള്ളിയിട്ടത്.
ബിജെപിക്കാര്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന സിന്ധുവിന്റെ വയറ്റില്‍ ചവിട്ടുന്നതും നെഞ്ചില്‍ ഇടിക്കുന്നതും സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനുവാണ്. സിന്ധുവിനെ ചിവിട്ടിമാറ്റിയശേഷമാണ് പടിക്കെട്ടില്‍ കാല്‍തെറ്റിവീണ മേയറെ എണീല്‍പ്പിച്ചതെന്നും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.
മേയര്‍ പ്രശാന്തിനെ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചിട്ടില്ല എന്നിരിക്കെ തലയിലും കഴുത്തിലും കാലിലും വച്ചുകെട്ടുമായി ഐസിയുവില്‍ കിടക്കുന്ന മേയര്‍ തനിക്ക് ഗുരുതര പരിക്കേറ്റു എന്ന് അഭിനയിക്കുകയാണ്. മേയര്‍ക്ക് പരിക്കേറ്റിരുന്നുവെങ്കില്‍ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ അദ്ദേഹം നടന്ന് ആശുപത്രിയിലേക്ക് പോകുമായിരുന്നില്ല. തലയില്‍ മുറിവുണ്ട് എന്നു പറയുന്നത് വ്യാജ പ്രാചരണമാണ്. നെറ്റിയിലുള്ള മുഖക്കുരുവിന്റെ പുറത്ത് വച്ചുകെട്ടിയിട്ട് കൊലപാതകശ്രമത്തിനിടയില്‍ ഉണ്ടായ മുറിവാണെന്ന് പ്രചരിപ്പിക്കുന്ന മേയര്‍ പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണ്.
അക്രമം നടന്നെന്നു പറയുന്ന സ്ഥലത്തുവച്ച് മേയറുടെ പോക്കറ്റ് കീറിയിരുന്നില്ല. അതേസമയം മേയറുടെ റൂമിനുള്ളില്‍ കയറി പുറത്തിറങ്ങിയപ്പോള്‍ ആ പോക്കറ്റ് കീറി തൂങ്ങിക്കിടക്കുന്നതായി കാണുന്നു. ഒന്നുകില്‍ മേയര്‍ സ്വയം വലിച്ചുകീറിയതാകണം. അല്ലെങ്കില്‍ സിപിഎമ്മുകാരായ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് മേയര്‍ വ്യക്തമാക്കണം.
ആനന്ദ് എന്ന ബിജെപി പ്രവര്‍ത്തകന്‍ അവിടെ മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നത് ബാലിശ ആരോപണമാണ്. അയാള്‍ എന്തെങ്കിലും ആക്രമണം അവിടെ നടത്തിയതായി തെളിയിക്കാന്‍ പോലീസിനെയും സിപിഎമ്മിനെയും സുരേഷ് വെല്ലുവിളിച്ചു. ആ ബഹളത്തിനിടയില്‍ 50ലേറെ പുറത്തുനിന്നുള്ള ആള്‍ക്കാര്‍ ആ കൗണ്‍സില്‍ ഹാളിനു പുറത്തുണ്ടായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസെടുത്താല്‍ അതിശക്തമായ ചെറുത്തുനില്‍പ്പ് സൃഷ്ടിക്കും.
ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ ഗിരികുമാറിനെയും വനിതാ കൗണ്‍സിലര്‍മാരെയും ആക്രമിച്ച മേയര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അഡ്വ സുരേഷ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പാപ്പനംകോട് സജി, എം.ആര്‍. ഗോപന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.