ഹൊ! സമാധാനം, ആ കൊലപാതകി ചത്തു

Monday 20 November 2017 6:12 pm IST

ലോസാഞ്ചലസ്: പൊതുവേ കൊലയാളിയുടെ മരണം പോലും ആശ്വാസകരമല്ല, പക്ഷേ ചാള്‍സ് മാന്‍സണിന്റെ മരണം അറിയുന്നവരില്‍ പലരും പറഞ്ഞേക്കും- ഹൊ! സമാധാനം, അയാള്‍ ചത്തല്ലോ, എന്ന്. ചാള്‍സ് മാന്‍സണ്‍ ആരെന്നറിയണ്ടേ?

ജന്മനാ കുറ്റവാസന

ചാള്‍സ് മാന്‍സണ്‍ ജന്മനാ കുറ്റവാസനക്കാരനായിരുന്നു. പിന്നെ വളര്‍ന്നപ്പോള്‍ ലഹരി മരുന്നുകളും സില്‍ബന്തികളുമായി വലിയ സേനയായി. അങ്ങനെ സ്വയം പ്രഖ്യാപിത ആശ്വാസനേതാവായി. കൂട്ടക്കൊലകള്‍, വിശ്വാസ വഞ്ചനകള്‍, ആസുത്രിത കൊലപാതകങ്ങള്‍, ലഹരി മരുന്നിടപാടുകള്‍ തുടങ്ങി എല്ലാത്തരം ദോഷങ്ങളും ചാള്‍സിന് വിനോദമായിരുന്നു.
പ്രസിദ്ധ ഹോളിവുഡ് നടി ഷാരോണ്‍ ടെയ്റ്റ് അടക്കം ആറുപേരുടെ കൊലപാതകത്തിന് കാലിഫോര്‍ണിയ ജയിലില്‍ ശിക്ഷയിലായിരുന്നു. എണ്‍പത്തിമൂന്നുകാരന്‍ ചാള്‍സ് രോഗങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

ഹിപ്പിസം, വിശ്വാസവഞ്ചന

അമേരിക്ക ഹിപ്പിസത്തിന്റെ പരമാവധി ദൂഷ്യങ്ങള്‍ അനുഭവിച്ച് സാമൂഹ്യ ദുരന്തത്തിലേക്കു കൂപ്പു കുത്തുന്ന കാലമായിരുന്ന 1960 കളില്‍ ചാള്‍സ് സ്വയം പ്രഖ്യാപിത ആശ്വാസ ദായകനായി, ആശ്രയ കേന്ദ്രം സ്ഥാപിച്ചു. ലഹരിയില്‍ ജീവിതം നഷ്ടമായ ചെറുപ്പങ്ങള്‍, അതിശിഥലമായ കുടുംബങ്ങള്‍- അവര്‍ക്ക് ഏത് ആശ്വാസ വാഗ്ദാനവും വിശ്വാസമായിരുന്നു. ചാള്‍സ് അത് ശരിക്കും മുതലാക്കി.

ചാള്‍സിന്റെ പ്രചാരണത്തില്‍ ഹോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും വീണു. അവര്‍ ചാള്‍സിന്റെ മാന്‍സണ്‍ ഫാമിലിയില്‍ അംഗങ്ങളായി. പാട്ടും ആട്ടവും പോപ് സംഗീതവുമൊക്കെയായി ചാള്‍സ് വളര്‍ന്നു. ഇതിനിടയില്‍ അക്രമ വാസനയും വര്‍ദ്ധിച്ചു.
1969ല്‍ കാലിഫോര്‍ണിയയില്‍ റോളിങ് സ്റ്റോണ്‍സിന്റെ സംഗീത നിശയില്‍ നടന്ന അക്രമത്തോടെ മാന്‍സണ്‍ ഫാമിലിയെക്കുറിച്ച് സംശയങ്ങള്‍ കൂടി. ലഹരിയില്‍ എന്തിനും മുതിരുന്ന കുറ്റവാളിക്കൂട്ടമാണെന്ന് മനസിലായി.

ആറ് അരും കൊലകള്‍

പ്രശസ്ത സംവിധായകന്‍ റൊമാന്‍ പോളന്‍സിസ്‌കിയുടെ ഭാര്യ, നടിയുമായ ഷാരോണ്‍ ടെയ്റ്റിനേയും നാലു പേരേയും ചാള്‍സ് 1969 ആഗസ്ത് ഒന്‍പതിന്, കൊലപ്പെടുത്തി, കുറ്റകൃത്യങ്ങളുടെ ആള്‍രൂപമാണെന്ന് തെളിയിച്ചു.

ടെയ്റ്റിന്റെ വീട്ടിലായിരുന്നു കൊലപാതകം. എട്ടരമാസം ഗര്‍ഭിണിയായിരുന്നു ടെയ്റ്റ്. അടുത്ത ദിവസം രാത്രി ലോസ് ഏയ്ഞ്ചല്‍സില്‍ത്തന്നെ സമ്പന്നനായ ലെനോയേയും ഭാര്യ റോസ്മേരിയേയും ചാള്‍സ് സംഘം വധിച്ചു.

ആറു കൊലപാതകങ്ങളും ചാള്‍സും കൂട്ടരും നടത്തിയതാണെന്ന് ആറുമാസം കഴിഞ്ഞ് തെളിഞ്ഞു. മാന്‍സണ്‍ സംഘത്തിലെ ഒരാള്‍ സഹത്തടവുകാരനോട് വെളിപ്പെടുത്തുകയായിരുന്നു. അങ്ങനെ

വധശിക്ഷയ്ക്ക് വിധി

സൂസന്‍ അറ്റ്കിന്‍സ്, പട്രീഷ്യ ക്രെന്‍വിന്‍കെല്‍, ലെസ്ലി വാന്‍ ഹ്യുട്ടന്‍ എന്നീ വനിതാ കൂട്ടാളികളോടൊപ്പം 1970ല്‍ ചാള്‍സ് അറസ്റ്റിലായി. ഒരു വര്‍ഷം വിചാരണ നടന്നു. നാലുപേര്‍ക്കും വധശിക്ഷ കിട്ടി. 1972ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ശിക്ഷ അനുഭവിക്കെയാണ് ചാള്‍സ് മാന്‍സണ്‍ മരിച്ചത്.

അമേരിക്കയിലെ കുറ്റവാളികളില്‍ ഏറെ കുപ്രസിദ്ധനായ ചാള്‍സ് മാന്‍സണിന്റെ ചെയ്തികള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മയില്‍ ജീവന്‍ വെക്കുകയാണ് ചിലര്‍ക്കെല്ലാം ആശ്വാസമാകുന്ന ഈ മരണത്തോടെ.

ചാള്‍സ് മാന്‍സണിന്റെ പരോള്‍ വിചാരണയും ആയ കാലത്തെ പ്രകടനവും കാണാം

https://youtu.be/rtWwdzD6vd0

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.