യശോദാപുത്രിയായി യോഗമായ

Tuesday 21 November 2017 2:45 am IST

‘ഭഗവാന്റെ ശബ്ദം വസുദേവരുടെ കാതില്‍ അലിയാതെ നിന്നിരുന്നു: തര്‍ഹി മാം ഗോകുലം നയ. മന്മയാ മാ നയാളശുത്വം യോശദാഗര്‍ഭസംഭവാം. എന്നെ ഗോകുലത്തിലേയ്ക്ക് നയിക്കുക. യശോദയുടെ ഗര്‍ഭത്തില്‍ ജനിച്ച എന്റെ യോഗമായയെ വേഗം കൊണ്ടുപോരിക… ഭഗവാന്റെ ഇംഗിതം പാലിക്കാന്‍ വസുദേവര്‍ തയ്യാറായി. കിളിപ്പാട്ടിലെ ആ ഭാഗം ഓര്‍മയില്ലേ?’

”ഉവ്വ്’- മുത്തശ്ശി ചൊല്ലിത്തുടങ്ങി-
തല്‍ക്കാലേ വസുദേവര്‍ തന്നുടെ കാല്‍ക്കും കൈയും
ദുഷ്‌കര്‍മിയായ കംസന്‍ ബന്ധിച്ച ബന്ധങ്ങളും
തെറ്റെന്ന് വേര്‍പെട്ടതിസ്വസ്ഥനായ് വന്നീടിനാന്‍
ഊറ്റമേ പുനരെന്താശ്ചര്യം നിരൂപിച്ചാല്‍
നില്‍ക്കവയെല്ലാം ബന്ധിച്ചീടിന കവാടങ്ങള്‍
ഒക്കവേ താഴും തുറന്നകന്നു താനെത്തന്നെ
‘കൃഷ്ണഗാഥയിലെങ്ങനെയാണ്?’ മുത്തശ്ശന്‍ ആരാഞ്ഞു.

മുത്തശ്ശി ചൊല്ലി-
കംസനെപ്പേടിച്ചുള്ളൊരാനകദുന്ദുഭി
പൈതലെത്തന്നുടെ കയ്യിലാക്കി
അമ്പാടിതന്നിലേ പോവതിനായിക്കൊ-
ണ്ടമ്പോടുചാലെ നടന്നനേരം
തങ്ങളെ തന്നെ തുറന്നതു കാണായി
ചങ്ങല പൂട്ടുള്ള വാതിലെല്ലാം
കൈതവമാണ്ടു നല്‍പ്പൈതലായ് മേവുമ-
ക്കൈടഭവൈരി താന്‍ ചെല്ലുന്നേരം
മേളം കലര്‍ന്നൊരു കാളിമ പൂണ്ടുന-
ല്ലോളമങ്ങാളുമക്കാളിന്ദി താന്‍
നല്‍വഴി നന്നായി നല്‍കി നിന്നീടിനാന്‍
നല്ലവര്‍ക്കാഴുമേ നന്മ ഞായം
പാദങ്ങള്‍പോലും നനഞ്ഞുനിന്നീടാതെ
പാഴ്പറമ്പേറി നടക്കുമ്പോലെ
ആനന്ദം കൊണ്ടുള്ളൊരാനകദുന്ദുഭി
കാളിന്ദിതന്നെ പിന്നിട്ടുനിന്നാന്‍

‘ഗര്‍ഗഭാഗവതത്തില്‍ വസുദേവര്‍ ഗോകുലത്തില്‍ ചെല്ലുന്നില്ലാ; ഗോകുലത്തിലെ നന്ദഗോപര്‍ തന്റെ പത്‌നി യശോദ പ്രസവിച്ച, പേറ്റുമണം മാറാത്ത പെണ്‍കുഞ്ഞിനേയും കൊണ്ട് കാളിന്ദീ തീരത്ത് വസുദേവരെയും കാത്തുനില്‍പ്പുണ്ടായിരുന്നു’- മുത്തശ്ശന്‍ തുടര്‍ന്നു: അവിടെ നദിക്കരയില്‍, പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന നീലക്കടമ്പിന്റെ നിഴലില്‍ നില്‍ക്കുന്ന നന്ദഗോപരെ വസുദേവര്‍ തിരിച്ചറിഞ്ഞു. ഒരു തുണിക്കെട്ട് നെഞ്ചത്തടക്കിപ്പിടിച്ചുകൊണ്ടാണ് നന്ദന്‍ നില്‍ക്കുന്നത്. ശബ്ദമടക്കി നന്ദന്‍ പറഞ്ഞു: യശോദ പ്രസവിച്ചു. പെണ്‍കുഞ്ഞ്. ആ കുഞ്ഞാണ്…

വസുദേവര്‍ ഓര്‍ത്തു: പന്ത്രണ്ടുവര്‍ഷമായി നന്ദന്റെ വേളി കഴിഞ്ഞിട്ട്. ഒരു കുഞ്ഞുണ്ടായിക്കാണാന്‍ അവര്‍ കൊതി പൂണ്ടിരിക്കയായിരുന്നു. ചെയ്യാത്ത വഴിപാടുകളില്ല; അനുഷ്ഠിക്കാത്ത വ്രതങ്ങളില്ല. അങ്ങനെ ആറ്റുനോറ്റുണ്ടായ കുഞ്ഞാണ്. ആ കുഞ്ഞിനെയാണ് നന്ദന്‍ കൊണ്ടുവന്നിരിക്കുന്നത്- തന്റെ കുഞ്ഞിനു പകരമായി കംസനു നല്‍കാന്‍: കംസന്‍ കൊല്ലാന്‍!

ഒരു രംഗം വസുദേവരുടെ മനക്കണ്ണില്‍ തെളിഞ്ഞു: കംസന്റെ കൊട്ടാരത്തിലേക്ക് താന്‍ ചെല്ലുകയാണ്. തന്റെ കയ്യില്‍ നന്ദന്റെ കുഞ്ഞുണ്ട്-യശോദ പെറ്റെടുത്ത കുഞ്ഞ്….
‘ആരെവിടെ?’ കംസന്റെ ശബ്ദം ഉയര്‍ന്നു കേട്ടു: ‘വസുദേവന്റെ കയ്യില്‍നിന്ന് ആ കുഞ്ഞിനെ വാങ്ങ്’

ആരാച്ചാരുടെ മുഖമുള്ള ഒരു പാര്‍ഷദന്‍ വന്ന് തന്റെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ചെടുത്തു. അന്നേരം കംസന്‍ സിംഹാസനത്തില്‍നിന്ന് ഇറങ്ങിവന്നു. പാര്‍ഷദന്‍ കുഞ്ഞിനെ കംസന് വച്ചുനീട്ടി. കംസന്‍ കുഞ്ഞിനെ ഒന്നുനോക്കി; ബലമായി അതിന്റെ കാലില്‍ പിടിച്ചു, പൊക്കിയെടുത്തു. തലകീഴായിക്കിടന്നു പിടയ്ക്കുന്ന കുഞ്ഞിനെ നിലത്ത് ആഞ്ഞടിച്ചു…
‘എന്റീശ്വരാ’- വസുദേവരുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞിരുന്നപോലെ തോന്നി. അന്നേരമാണ് വസുദേവര്‍ക്ക് പരിസരബോധം വന്നത്.

‘ദാ, വാങ്ങൂ’- നന്ദന്റെ ശബ്ദം വസുദേവരെ ഉണര്‍ത്തി താന്‍ നെഞ്ചത്തടക്കിപ്പിടിച്ചിരുന്ന കുഞ്ഞിനെ നന്ദന് നല്‍കി; പകരം നന്ദന്റെ കയ്യിലെ കുഞ്ഞിനെ ഏറ്റുവാങ്ങി. ഇടറിയ ശബ്ദം ചുണ്ടില്‍നിന്നുതിര്‍ന്നു: ‘നന്ദാ ഈ കടം ഞാനങ്ങനെ വീട്ടും?’

‘ആരും കടം നല്‍കുന്നില്ല; ആരും കടംകൊള്ളുന്നുമില്ലാ’ – നന്ദന്‍ മന്ത്രിക്കുമ്പോഴെ പറഞ്ഞു: ‘എനിക്കുള്ളതെല്ലാം ഞങ്ങള്‍ക്കുള്ളതാണ്- എന്റെ ജീവനടക്കം’-
‘നിന്റെ ജീവനേക്കാള്‍ വിലപ്പെട്ട ഒന്നല്ലേ നീയീ സമയം എനിക്ക് തന്നത്’-
‘അതിനെനിക്ക് ഭാഗ്യമുണ്ടായി. അതല്ലേ സത്യം? ഭഗവാനെ പാലൂട്ടി, താരാട്ടി വളര്‍ത്താന്‍ എന്റെ യശോദയ്ക്ക് ഭാഗ്യമുദിച്ചില്ലേ?’
നന്ദന്‍ കുഞ്ഞിനെ നെഞ്ചത്തടക്കി; യാത്രയാക്കുമ്പോലെ പറഞ്ഞു: ‘നേരെ വൈകേണ്ട. ദേവകി അവിടെ ഒറ്റയ്ക്കല്ലേ?’
ഒന്നും മിണ്ടാനാവാതെ വസുദേവര്‍ തിരിഞ്ഞുനടന്നു. ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. നന്ദന്‍ അതേ നില്‍പാണ്….

‘ഓ, എന്തൊരു രംഗം’ മുത്തശ്ശി ഇടറിയ ശബ്ദത്തില്‍ മൊഴിഞ്ഞു: ‘ഭാഗവതത്തില്‍ ഇങ്ങനെയൊരു രംഗത്തിന് ഇടം അല്ലേ? വസുദേവര്‍ നേരെ അമ്പാടിയിലെത്തുകയായിരുന്നില്ലേ? അവിടെ ഏവരും മായാശക്തിയേറ്റ് നിദ്രപൂണ്ടു കിടക്കുകയായിരുന്നില്ലേ? ഉറങ്ങിക്കിടന്ന യശോദയുടെ അരികെ സ്വന്തം കുഞ്ഞിനെ കിടത്തി, യശോദയുടെ കുഞ്ഞിനെ എടുത്ത് തിരികെ പോരികയായിരുന്നില്ലേ?’

‘ശരിയാണ്’ മുത്തശ്ശന്‍ ചൊല്ലി
സൂതം യശോദശയനേ നിധായ ത-
ത്സുതാമുപാദായ പുനര്‍ഗൃഹാനഗാത്…
‘ഗാഥയിലും അങ്ങനെത്തന്നെയാണല്ലോ’ മുത്തശ്ശി പറഞ്ഞു. കേള്‍ക്കട്ടെ എന്നു പറഞ്ഞപ്പോള്‍

മുത്തശ്ശിചൊല്ലി-
ആനകദുന്ദുഭി ചെന്നൊരു നേരത്തു
നന്ദവിലാസിനി തന്നെ കണ്ടാന്‍
സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടിട്ടു
ഭൂതലം തന്നില്‍ കിടപ്പതപ്പോള്‍
നന്ദവിലാസിനി തന്നുടെ ചാരത്തു
നല്ലൊരു പെണ്‍പിള്ള തന്നെക്കണ്ടാന്‍
തന്നുടെ പൈതലക്കൊണ്ടു ചെന്നങ്ങവള്‍
തന്നുടെ ചാരത്തു ചേര്‍ത്തു പിന്നെ
പെണ്‍പിള്ള തന്നേയും മെല്ലവേ കൊണ്ടുപോ-
ന്നമ്പാടി പിന്നിട്ടു പോന്നു ചെമ്മേ

‘ഗര്‍ഗാചാര്യന്‍ പകര്‍ന്നുവച്ച വികാരവൈവശ്യം ഈ രംഗത്തിനില്ല, അല്ലേ?’ മുത്തശ്ശന്‍ ആരാഞ്ഞു.
‘ഇല്ലല്ലോ’ -മുത്തശ്ശി ചോദിച്ചു: ‘വസുദേവര്‍ കുഞ്ഞിനെ വച്ചുമാറി എന്ന കഥ യശോദ അറിഞ്ഞില്ല, അല്ലേ?
‘ഇല്ലെന്ന് ഭാഗവതത്തില്‍ സൂചനയുണ്ടല്ലോ’
യശോദാനന്ദപത്‌നീ ജാതം പരമബുധ്യത
ന തല്ലിംഗം പരിശ്രാന്താ നിദ്രപാപഗതസ്മൃതി
‘ഗാഥയിലും അങ്ങനെത്തന്നെയാണല്ലോ’
‘കേള്‍ക്കട്ടെ’

മുത്തശ്ശി ചൊല്ലി.
സൂതികൊണ്ടുണ്ടായ മോഹത്തെ പൂണ്ടവള്‍
കാതരയായി നുറുങ്ങുന്നേരം
ചാരിക്കിടന്നങ്ങുണര്‍ന്നോരു നേരത്തു
ചാരത്തുനോക്കിനാന്‍ മന്ദമപ്പോള്‍
കോമളനായ കുമാരനെ കാണായി
കാര്‍മുകില്‍ കാമിക്കും കാന്തിയുമായ്
‘ഇതാ, എന്റെ കണ്‍മുന്നില്‍ തെളിയുന്നു, ആ രൂപം’-മുത്തശ്ശന്‍ വികാരവിവശനായി പറഞ്ഞു.
‘എന്റെ കണ്ണിലും നിറഞ്ഞുനില്‍പ്പുണ്ട്’- മുത്തശ്ശിയുടെ ശബ്ദം ഇടറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.