ഹരശാപ വിമോചന പെരുമാള്‍

Tuesday 21 November 2017 2:30 am IST

ശിവനെ/ഹരനെ ശാപത്തില്‍ നിന്ന് മോചിപ്പിച്ച വിഷ്ണു ഭഗവാന്‍ ആണ് ഹരശാപവിമോചന പെരുമാള്‍. തഞ്ചാവൂരിനും കുംഭകോണത്തിനുമിടയില്‍-തഞ്ചാവൂരില്‍ നിന്ന് സുമാര്‍ പത്തുകിലോമീറ്റര്‍ കഴിയുമ്പോള്‍ ദേശീയപാതയില്‍ നിന്ന് അല്‍പ്പം ഉള്ളിലേക്ക് മാറിയാണ് തിരുക്കണ്ടിയൂരിലെ ഈ ക്ഷേത്രം. 275 പാടല്‍പെറ്റ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്; കൂടാതെ 108 ദിവ്യദേശങ്ങളില്‍ ഒന്നും. ഭഗവാന്‍ കമലാനാഥന്‍ എന്നും ദേവി കമലവല്ലി നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു.

ശിവനുള്ളതുപോലെ തനിക്കും അഞ്ചുതല ഉണ്ടെന്ന് അഹങ്കരിച്ചിരുന്ന ബ്രഹ്മാവിന്റെ മധ്യത്തിലുള്ള തല ഇറുത്തെടുത്ത ശിവനെ ബ്രഹ്മഹത്യാദോഷം ബാധിച്ചു. ഈശാനന്‍, തത്പുരുഷന്‍, അഘോരന്‍ വാമദേവന്‍, സദ്യോജാതന്‍ എന്നിവയാണ് ശിവന്റെ പഞ്ചശിരസ്സുകള്‍. ഭിക്ഷാടനര്‍ കോവിലില്‍നിന്ന് ഭക്ഷണം കഴിച്ചതോടെ ശിവന്റെ വിശപ്പ് അകന്നെങ്കിലും ബ്രഹ്മാവിന്റെ തലയോട്ടി ശിവന്റെ കൈപ്പത്തിയില്‍ തന്നെ പറ്റിപ്പിടിച്ചിരുന്നു.

പാപത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടാന്‍ തിരുക്കണ്ടിയൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് വിഷ്ണുവിനെ ഭജിക്കണമെന്നാണ് സാക്ഷാല്‍ വിഷ്ണു ഉപദേശിച്ചത്. ശിവന്‍ അതനുസരിച്ച് പ്രവര്‍ത്തിച്ച് ശാപമുക്തനായി. തീര്‍ത്ഥക്കുളം അതോടെ കപാലതീര്‍ത്ഥം എന്ന് അറിയപ്പെട്ടു തുടങ്ങി. ദേവനാണെങ്കിലും ശിവനും പാപകര്‍മ്മഫലങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. കര്‍മ്മഫലങ്ങള്‍ എന്ന പേരില്‍ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിരവധി പേരുടെ കഥകള്‍ നാം പുരാണങ്ങളില്‍ നിന്നും കേള്‍ക്കാറുണ്ട്. ലോകനീതി എന്ന ഒന്ന് ഉണ്ടെന്നും സ്വന്തം കര്‍മ്മങ്ങളുടെ ഫലം ഓരോരുത്തരും അനുഭവിക്കേണ്ടതായി വരുമെന്നും മനുഷ്യരെ ഓര്‍മ്മിപ്പിക്കുകയാണ് ഈ കഥകള്‍.

നമ്മുടെ വാക്കും പ്രവൃത്തിയും ചിന്തകളും വികാരങ്ങളും സ്വന്തം ഭൂതം-ഭാവി-വര്‍ത്തമാനകാല അനുഭവങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് ഓര്‍ക്കുക. പുരാണ കഥകള്‍ ഇതെല്ലാം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശാപമോചനം ലഭിച്ചതിന് നന്ദിസൂചകമായി തിരുക്കണ്ടിയൂരില്‍ ഒരു വിഷ്ണുക്ഷേത്രം നിര്‍മിച്ചു ശിവന്‍, ബലിനാഥര്‍ എന്നും ദേവനെ വിളിക്കുന്നു. ഹരന് ശാപങ്ങളില്‍ നിന്ന് മോചനം നല്‍കിയതുകൊണ്ട് ഹരശാപവിമോചന പെരുമാള്‍ എന്ന് ഭഗവാന് പേരും കിട്ടി. ദേവി കമലവല്ലി തായാര്‍ തൊട്ടടുത്ത് ഒരു ശിവക്ഷേത്രവും നിര്‍മ്മിച്ചു.

ബ്രഹ്മാവിന്റെ തല വെട്ടിയെടുത്തതുകൊണ്ട് ബ്രഹ്മശിര കണ്ഠീശ്വരര്‍ എന്നാണ് ശിവക്ഷേത്രത്തിലെ ദേവന്‍ അറിയപ്പെടുന്നത്. ദേവി മംഗള നായകി. ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള മൂന്നാമതൊരു ക്ഷേത്രം കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിലും ക്ഷേത്രം ജീര്‍ണാവസ്ഥയിലാണ്. ബ്രഹ്മാവിന്റെയും സരസ്വതീദേവിയുടെയും പ്രതിഷ്ഠകള്‍ ബ്രഹ്മശിരകണ്ഠീശ്വരര്‍ ക്ഷേത്രത്തില്‍ പ്രത്യേകമായി ഒരു ശ്രീകോവിലിലേക്ക് മാറ്റിയിരിക്കുന്നു. ഈ ക്ഷേത്രത്തിലെ നവഗ്രഹ പ്രതിഷ്ഠയ്ക്കും പ്രത്യേകതകളുണ്ട്. സൂര്യഭഗവാന്‍ ഉഷ, ഛായ എന്നീ പത്‌നിമാരോടുകൂടിയാണ് ഇവിടെ; മറ്റു ഗ്രഹങ്ങള്‍ മുഴുവന്‍ സൂര്യനെ അഭിമുഖീകരിച്ചാണ് നില്‍ക്കുന്നത്. അകത്തേക്ക് കയറുമ്പോള്‍ വശങ്ങളില്‍ ചക്രത്താഴ്‌വാരുടെയും ഹനുമാന്‍ സ്വാമിയുടെയും പ്രതിഷ്ഠകളുണ്ട്. ആണ്ടാളിന്റെ പ്രതിഷ്ഠയുമുണ്ട്.

തമിഴ്മാസമായ വൈകാശി മാസത്തില്‍ ശിവന്‍ ബ്രഹ്മാവിനെ ശിക്ഷിക്കുന്ന കര്‍മ്മം അനുസ്മരിച്ച് ആ ചടങ്ങുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നു. ആവണിമാസത്തിലെ ഇരുപതുദിവസത്തെ ഉത്സവവും അതിഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ 7 മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് രാത്രി 7.30 ന് അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.