സോവിയറ്റ് പരീക്ഷണത്തിന്റെ പരാജയ കാരണം

Tuesday 21 November 2017 2:45 am IST

റഷ്യന്‍ റിപ്പബ്ലിക്കിലെ പെട്രോഗ്രാഡ് നഗരത്തില്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി വിപ്ലവ വിജയാഘോഷത്തിന്റെ നൂറാം വാര്‍ഷികമായിരുന്നു 1917 നവംബര്‍ 7. സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ തുടക്കമായിരുന്നുവല്ലോ അത്. എന്തായിരുന്നു ഈ പരീക്ഷണം? സ്വകാര്യസ്വത്തുക്കളെല്ലാം പൊതുസ്വത്താക്കി മാറ്റി അതിലെ ഉല്‍പാദനോപാധികള്‍ (ഭൂമി, ഫാക്ടറികള്‍, കച്ചവടസ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയെല്ലാം) ഉപയോഗിച്ച് ആ രാജ്യത്തിലെ എല്ലാ മനുഷ്യര്‍ക്കും ആവശ്യം വേണ്ട എല്ലാ ഉല്‍പന്നങ്ങളും (ആഹാരം, വസ്ത്രം, പാര്‍പ്പിടങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ) ഒരു കേന്ദ്രീകൃത ആസൂത്രണ സംവിധാനത്തിലൂടെ ഉല്‍പാദിപ്പിച്ച് സമമായി (ആവശ്യധിഷ്ഠിതമായി) എല്ലാവര്‍ക്കും വിതരണം ചെയ്ത് ഒരു സമത്വ സുന്ദരലോകം കെട്ടിപ്പടുക്കുകയെന്നതായിരുന്നു ആ പരീക്ഷണം. സാമ്പത്തിക ശാസ്ത്രത്തില്‍ ഇതിനെ ‘സെന്‍ട്രലൈസ്ഡ് പ്ലാന്‍ഡ് ഇക്കണോമി’ എന്നാണല്ലോ വിളിക്കുന്നത്.

ലെനിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഏഴ് കൊല്ലംകൊണ്ട് ഇക്കാര്യം ആത്മാര്‍ത്ഥമായിത്തന്നെ അവിടെ നടപ്പിലാക്കുകയും ചെയ്തു. തുടര്‍ന്ന് അധികാരത്തിലേറിയ സ്റ്റാലിനും ഇക്കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചകള്‍ വരുത്തിയതായി നമുക്കറിവില്ല. എന്നിട്ടും എന്തുകെണ്ട് ഈ ‘സ്വപ്‌നസുന്ദര പദ്ധതി’ കേവലം മുക്കാല്‍ നൂറ്റാണ്ടുകാലത്തെ പരീക്ഷണം കൊണ്ടുതന്നെ ഇല്ലാതായി. അതിനുള്ള ഉത്തരം ഇക്കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്ന ആഘോഷങ്ങളിലെങ്ങും ഒരു നേതാവും പറഞ്ഞതായി കാണുന്നില്ല. അതുകൊണ്ടുമാത്രമാണ് ഈ ലേഖനം എഴുതേണ്ടിവന്നത്. ഗോര്‍ബച്ചേവിന്റെ കാലത്ത് ഇറങ്ങിയ ‘സയന്‍സ് ഇന്‍ യുഎസ്എസ്ആര്‍’ എന്ന സോവിയറ്റ് യൂണിയന്റെ ആധികാരിക മുഖമാസികയില്‍ 1987 മേയ്, ജൂണ്‍, സപ്തംബര്‍, ഒക്‌ടോബര്‍, 1989 നവംബര്‍, ഡിസംബര്‍, 1991 മേയ്, ജൂണ്‍ ലക്കങ്ങളിലായി വന്ന ചില ലേഖനങ്ങളില്‍ റഷ്യന്‍ കാര്‍ഷിക മേഖലയില്‍ സംഭവിച്ച ചില പാളിച്ചകളെക്കുറിച്ചുള്ള വിവരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ കഴിയും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ ആരുംതന്നെ ഇത് പരസ്യപ്പെടുത്താന്‍ തയ്യാറകാത്തതുകൊണ്ട് മാത്രമാണ് ഈ കുറിപ്പെഴുതുന്നത്.

1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തിന് തൊട്ടുപുറകേതന്നെ ഒരൊറ്റ സര്‍ക്കാര്‍ ഉത്തരവിലൂടെ റഷ്യയിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ അധീനത്തിലായി. ലോകത്തിലെ ഏതെങ്കിലും കോണിലെ ഏതെങ്കിലും ഒരു കര്‍ഷകന്‍ ഇതിനെ സ്വാഗതം ചെയ്യുമായിരുന്നോ? സഹസ്രാബ്ദങ്ങളായി തങ്ങള്‍ സ്വന്തമെന്ന് കരുതി അനുഭവിച്ചുവന്ന തങ്ങളുടെ കൃഷിഭൂമികള്‍ ഒരു സുപ്രഭാതത്തില്‍ തങ്ങള്‍ക്ക് അന്യാധീനമായി എന്നു കണ്ടപ്പോള്‍ റഷ്യയിലെ അഭിമാനികളായ കര്‍ഷകലക്ഷങ്ങള്‍ തോക്കെടുത്തതില്‍ ആര്‍ക്ക് അവരെ കുറ്റപ്പെടുത്താനാവും? തുടര്‍ന്ന് നടന്നത് ലോകചരിത്രത്തില്‍തന്നെ അത്യപൂര്‍വമായ ഒരു യുദ്ധം ആയിരുന്നു! ‘കുലാക്കുകള്‍’ എന്ന് സോവിയറ്റ് സര്‍ക്കാര്‍ അപഹസിച്ച് വിളിച്ച റഷ്യയിലെ കര്‍ഷകരുമായി ഒരു പതിറ്റാണ്ട് നീണ്ട യുദ്ധമാണ് ലെനിന്‍ പ്രഖ്യാപിച്ചത്. ‘കുലാക്ക് യുദ്ധം’ എന്നറിയപ്പെട്ട ഈ ആഭ്യന്തര കലാപത്തില്‍ ഏറ്റവും കുറഞ്ഞത് പത്തുദശലക്ഷം കര്‍ഷകരെങ്കിലും കൊല്ലപ്പെട്ടതായിട്ടാണ് ചരിത്രം!

ഈ യുദ്ധത്തില്‍ ചെമ്പടയ്‌ക്കൊപ്പം നിന്ന ഡോക്ടര്‍ ഷിവാഗോയുടെ ചരിത്രമാണ് നാം ആ പേരില്‍ അറിയപ്പെടുന്ന നൊബേല്‍ സമ്മാനിതമായ നോവലില്‍ വായിക്കുന്നത്! ഒരു നാട്ടിലെ അനുഭവസമ്പന്നരായ പത്തുലക്ഷം കര്‍ഷകരെ കാലപുരിക്കയച്ച ഒരു യുദ്ധം ആ നാടിന് നല്‍കുന്ന അനുഭവം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ? സോവിയറ്റ് മേഖലകളില്‍ വന്ന സമ്പൂര്‍ണ കാര്‍ഷികത്തകര്‍ച്ചയായിരുന്നു അത്. (1948നും 1960നും ഇടയില്‍ ചൈനയിലും ഇത്തരം ഒരു ദുരന്തം ആവര്‍ത്തിക്കപ്പെട്ടിരുന്നുവെന്നും, അതില്‍നിന്നു കരകയറാനുള്ള അവരുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ‘കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കാപ്പിറ്റലിസ്റ്റ് ഇക്കണോമിയുടെ നടത്തിപ്പ്’ എന്ന വിചിത്രമായ അവസ്ഥയെന്നും പറയപ്പെടുന്നുണ്ട്).
കുലാക്ക് യുദ്ധത്തിലൂടെ സോവിയറ്റ് റഷ്യയ്ക്ക് നഷ്ടപ്പെട്ടത് ഒരു കാര്‍ഷിക സംസ്‌കാരം തന്നെയായിരുന്നു എന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്! കൃഷിഭൂമി മുഴുവന്‍ ദേശസാല്‍ക്കരിച്ചതോടെ പൊട്ടിപ്പുറപ്പെട്ട കുലാക്കുയുദ്ധത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ബഹുഭൂരിപക്ഷവും മാറിനിന്നപ്പോള്‍ പകരം വന്നതാണ് ‘കൂട്ടുകൃഷിസംഘങ്ങള്‍’. കാര്‍ഷിക കോളേജുകളില്‍ രണ്ടുകൊല്ലംകൊണ്ട് കൃഷി പഠിച്ചിറങ്ങിയ ചെറുപ്പക്കാരുടെ നിയന്ത്രണത്തിലായിരുന്നു കൂട്ടുകൃഷി കേന്ദ്രങ്ങള്‍. ‘കടലാസില്‍ കൃഷി പഠിച്ച’വരുടെ കീഴില്‍ ഗോതമ്പ് പാടങ്ങള്‍ ഉല്‍പാദനത്തകര്‍ച്ചയുടെ നിദര്‍ശന കേന്ദ്രങ്ങളായി മാറിയതില്‍ എന്തതിശയം? സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളില്‍ നിന്നുണ്ടാകുന്ന അന്നം ഭുജിച്ച് ഒരു രാഷ്ട്രത്തിന് എത്രനാള്‍ കഴിയാനാകുമെന്ന് നമുക്ക് നമ്മുടെ മുന്നില്‍തന്നെ ഉദാഹരണങ്ങളുണ്ട്.

ഇതിനിടെ മറ്റൊരപകടവും റഷ്യന്‍ ഭരണാധികാരികള്‍ കൃഷിയുടെ മേഖലയില്‍ വരുത്തിവച്ചു. ലോകോത്തര കാര്‍ഷിക വിദഗ്ദ്ധനും ‘വിളസസ്യങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍’ കണ്ടെത്താനുള്ള തത്വങ്ങള്‍ പുറത്തുകൊണ്ടുവന്ന പാരമ്പര്യ ശാസ്ത്ര വിദഗദ്ധനുമായ നിക്കളോയ് ഇവാനോവിച്ച് വാവിലോവി (എന്‍.ഐ. വാവിലോവ്) നെ അറസ്റ്റ് ചെയ്ത് സൈബീരിയയിലേക്ക് നാടുകടത്തിയതും, തുടര്‍ന്ന് ‘ജനറ്റിക്‌സ്’ എന്ന പാരമ്പര്യശാസ്ത്രം കപടശാസ്ത്രമാണെന്ന് വിധിയെഴുതി ആ ശാസ്ത്രത്തെ സ്‌കൂളുകളില്‍ നിന്നും സര്‍വകലാശാലകളില്‍നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുകയും, അതു സംബന്ധിച്ച എല്ലാ പുസ്തകങ്ങളും പരസ്യമായി ചുട്ടെരിക്കുകയും ചെയ്തതിന്റെ വിശദാംശങ്ങള്‍ നമുക്ക് ഈ ലേഖനത്തിന്റെ ആദ്യം പരാമര്‍ശിച്ച ശാസ്ത്ര ജേര്‍ണലുകളില്‍ വായിക്കാന്‍ കഴിയും. (ഇതിന്റെ കോപ്പികള്‍ ഈ ലേഖകന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ജിജ്ഞാസുകള്‍ക്ക് അത് വായിക്കാവുന്നതാണ്).

അറുപതുകളിലും എഴുപതുകളിലും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നെല്ലിലും ഗോതമ്പിലും ശരാശരിയുടെ മൂന്നുംനാലും ഇരട്ടി വിളവ് തരുന്ന ഒട്ടനവധി പുതിയ അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങള്‍ ജനിതകശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നു. അതാകട്ടെ ആ രാജ്യങ്ങളില്‍ ഭക്ഷ്യസ്വയംപര്യാപ്തത കൈവരുത്തുകയും ചെയ്തു. ഇന്ത്യയിലും മറ്റ് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും വീശിയടിച്ച ഹരിതവിപ്ലവ കൊടുങ്കാറ്റിന്റെ ഒരംശംപോലും ഏശാതെപോയത് സോവിയറ്റ് റഷ്യയില്‍ മാത്രമായിരുന്നു. (എഴുപതുകളുടെ മധ്യത്തില്‍തന്നെ ചൈനയില്‍ ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി ഗോതമ്പിന്റെയും നെല്ലിന്റെയും അത്യുല്‍പ്പാദക ഇനങ്ങള്‍ പ്രചാരത്തില്‍കൊണ്ടുവരികയും, സസ്യപ്രജനനത്തിന്റെ എല്ലാ ആധുനികരീതികളും യഥേഷ്ടം സ്വീകരിക്കുകയും, സങ്കരനെല്ല് എന്ന ആശയത്തിന് വന്‍ പ്രചാരം നല്‍കുകയും ചെയ്ത കാര്യം ഇവിടെ സ്മരണീയമാണ്).
എണ്‍പതുകളുടെ ഒടുവില്‍ ഒരു കഷണം റൊട്ടിക്കും ഒരു കവര്‍ പാലിനുംവേണ്ടി ജനങ്ങള്‍ സോവിയറ്റ് നഗരങ്ങളില്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതാണല്ലോ.

ക്ഷാമത്തിന്റെ വക്കിലെത്തിയ സോവിയറ്റ് റഷ്യയെ സഹായിക്കാനായി ഇന്ത്യയില്‍നിന്നു ഗോതമ്പ് നിറച്ച കപ്പലുകള്‍ നീങ്ങിത്തുടങ്ങിയതിന്റെ വാര്‍ത്തകളും നാം അന്ന് വായിച്ചതാണ്. പക്ഷേ അതുകൊണ്ടൊന്നും സോവിയറ്റ് യൂണിയനിലെ വറുതിക്ക് പരിഹാരമായില്ല. ഒടുവില്‍ ഗോര്‍ബച്ചേവിന്റെ ‘ഗ്ലാസ്‌നോസ്റ്റും’ ‘പെരിസ്‌ട്രോയിക്കയും’ ആ രാജ്യത്ത് 75 വര്‍ഷം നിലനിന്ന കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനത്തെ മുച്ചൂടും പറിച്ചെറിഞ്ഞതിന്റ കഥയൊക്കെ സമീപകാല ചരിത്രമാകയാല്‍ ഇവിടെ വിടുന്നു.

വിപ്ലവത്തിന്റെ തുടക്കത്തില്‍തന്നെ കര്‍ഷക ലക്ഷങ്ങളെ കുരുതികൊടുത്ത് ഒരു കാര്‍ഷിക സംസ്‌കാരത്തിന് ചരമക്കുറിപ്പെഴുതിയ സോഷ്യലിസ്റ്റ് പരീക്ഷണം ഒടുവില്‍ പാളിയതിന് മറ്റ് ഏതെങ്കിലും കാരണം നമുക്കിനി അന്വേഷിക്കേണ്ടതുണ്ടോ? കേന്ദ്രീകൃത ആസൂത്രണവും ദേശസാല്‍ക്കരണവും ഒരു രാജ്യത്തെ ശിഥിലമാക്കിയ കഥകള്‍ മനസ്സിലാക്കിയശേഷവും അതിനുവേണ്ടി വാദിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്ത് മറുപടിയാണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് കേള്‍ക്കാന്‍ ഔല്‍സുക്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.