ആസിയാനിലെ ഭാരതത്തിന്റെ അഭിലാഷങ്ങള്‍

Tuesday 21 November 2017 2:40 am IST

ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പം

ആഗോള രാഷ്ട്രീയത്തിലെ തന്ത്രപ്രധാനമായ ഉച്ചകോടികളാണ് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നടന്ന മുപ്പത്തിയൊന്നാമത് ആസിയാന്‍ ഉച്ചകോടിയും പന്ത്രണ്ടാമത് കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിയും. ഒട്ടനവധി ലക്ഷ്യങ്ങളുമായി തുടങ്ങിയ ആസിയാന്‍ ഉച്ചകോടി നിരവധി തീരുമാനങ്ങള്‍ എടുത്ത് വിജയകരമായാണ് സമാപിച്ചത്. ഭാരതത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പങ്കെടുത്തത്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മേഖലയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍. 1991ലാണ് ‘ലുക്ക് ഈസ്റ്റ് പോളിസി’ എന്ന നയത്തിലൂടെ ഈ രാജ്യങ്ങളുമായി ഭാരതം നയതന്ത്ര ബന്ധം ദൃഢമാക്കുന്നത്. പിന്നീട് വന്ന പല സര്‍ക്കാരുകളും ഈ ബന്ധത്തെ പരിപോഷിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ ലോകരാഷ്ട്രീയത്തിന്റെ ഭാഗമായി ‘ലുക്ക് ഈസ്റ്റ്’ നയസമീപനം മാറ്റി ‘ആക്ട് ഈസ്റ്റ്’ എന്ന പുതിയ സമീപനം സ്വീകരിച്ചു. 1990കളിലെ സാമ്പത്തിക മാന്ദ്യവും, കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വവും, ചൈനയുടെ വളര്‍ച്ചയും, കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയുമാണ് ഈ നയം സ്വീകരിക്കാന്‍ ഭാരത സര്‍ക്കാരുകളെ പ്രേരിപ്പിച്ചത്.

പ്രധാനമായും സാമ്പത്തിക സൈനിക സാങ്കേതിക മേഖലകളിലെ സഹകരണമാണ് ഇതുവഴി ഭാരതം ലക്ഷ്യം വയ്ക്കുന്നത്. 1992 ല്‍ രണ്ട് ബില്യണ്‍ ആയിരുന്ന വ്യാപാരബന്ധം 2002 ആയപ്പോഴേക്കും 12 ബില്യണ്‍ ആയി ഉയര്‍ന്നു. ഇന്ന് ഭാരതവും ആസിയാനും തമ്മില്‍ 71 ബില്യണ്‍ ഡോളറിന്റെ വ്യാപാരബന്ധമാണുള്ളത്. അത് ഭാരതത്തിന് ലോകവുമായുള്ള വ്യാപാരത്തിന്റെ 10.85% വരും. ഇന്ന് ഭാരതത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 17% ആസിയാന്‍ രാജ്യങ്ങളുടെ സംഭാവനയാണ്. ഭാരതവും ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആസിയാന്‍ രാജ്യങ്ങളില്‍ നടത്തിയിട്ടുണ്ട്. നിരവധി ഭാരതീയരായ ഐടി സാങ്കേതിക വിദഗ്ദ്ധര്‍ ഈ രാജ്യങ്ങളില്‍ ജോലിയെടുക്കുകയും താമസിക്കുകയും ചെയ്യുന്നു.

നരേന്ദ്ര മോദി എന്ന ശക്തനായ പ്രധാനമന്ത്രിയെ വളരെ പ്രതീക്ഷയോടെയാണ് ഈ രാജ്യങ്ങള്‍ കാണുന്നത്. 2014 നുശേഷം മോദി നവീകരിച്ച ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ലക്ഷ്യങ്ങള്‍ ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാണ്. ഈ നയത്തിന് നിരവധി ലക്ഷ്യങ്ങള്‍ ഉള്ളതില്‍ ഒന്നാമത്തേത് ആഗോള ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈന എന്ന ഭീഷണിയെ ചെറുക്കുകയെന്നതാണ്. ഏതാനും വര്‍ഷങ്ങളായി ഭാരതത്തെ എതിര്‍ക്കുന്ന നയമാണ് ചൈന സ്വീകരിച്ചുപോരുന്നത്. അന്താരാഷ്ട്രാ വേദികളില്‍ ഭാരതത്തിന്റെ പ്രവേശനങ്ങളെ അധികാരം ഉപയോഗിച്ച് തടയുക, പാക്കിസ്ഥാന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ പണവും മറ്റു സഹായങ്ങളും നല്‍കുക, ഭാരതത്തിന്റെ ചുറ്റുമുള്ള രാഷ്ട്രങ്ങളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തി തുറമുഖങ്ങള്‍ നിര്‍മിച്ച് സൈനിക താവളങ്ങളാക്കി ഭാരതത്തെ ഭീഷണിയില്‍ നിര്‍ത്തുക തുടങ്ങിയവയാണ് ചൈന നടത്തുന്നത്.

മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലെദ്വീപ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സൈനികത്താവളങ്ങള്‍ തുറന്ന് ഇന്ത്യയെ സൈനികമായി വളയുന്ന സമീപനമാണിത്. പാക്കിസ്ഥാനിലൂടെയുള്ള ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും ഭാരതത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. വര്‍ഷത്തില്‍ ഏകദേശം മൂന്നുലക്ഷം കോടി ഡോളര്‍ വ്യാപാരം കടന്നുപോകുന്ന തെക്കന്‍ ചൈന കടലിലെ വിഭവസമ്പത്താണ് ഇതിന് ചൈനയെ പ്രേരിപ്പിക്കുന്നത്. തെക്കന്‍ ചൈന കടല്‍ പിടിച്ചെടുക്കുന്നതുവഴി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ മേല്‍ ആധിപത്യം നേടാനും ചൈന ആഗ്രഹിക്കുന്നു.

ചൈനയ്ക്ക് ഭൂരിഭാഗം രാജ്യങ്ങളുമായും അതിര്‍ത്തിതര്‍ക്കങ്ങളുണ്ട്. ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ശക്തിയും ചൈനതന്നെയാണ്. നിരവധി ഉപരോധങ്ങളുണ്ടെങ്കിലും അവരുടെ 80% ഇറക്കുമതിയും ചൈനയില്‍നിന്നാണ്. പാക്കിസ്ഥാനെ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നതുപോലെ, ഉത്തരകൊറിയയെ ഉപയോഗിച്ച് ദക്ഷിണ കൊറിയയെയും അമേരിക്കയെയും ജപ്പാനെയും വെല്ലുവിളിക്കുകയാണ് ചൈന. ജപ്പാന്റെ മുകളിലൂടെ അടുത്തിടെ യുദ്ധവിമാനം പറത്തിയതൊക്കെ ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും ചൈനയും തമ്മില്‍ തെക്കന്‍ ചൈന കടലിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നു. എന്നാല്‍ മേഖലയില്‍ വളരെ തീവ്രമായ നിലപാടുമായിനിന്ന ചൈനയെ പിടിച്ചുകെട്ടിയ സംഭവമായിരുന്നു ദോക്‌ലാം. ഭൂട്ടാന്റെ അതിര്‍ത്തിക്കുള്ളില്‍ കയറിയ ചൈനീസ് സൈന്യത്തെ ഭാരതസേനയുടെ വളരെ ശക്തമായ ഇടപെടലിലൂടെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. 1962 ലെ ഭാരതം അല്ല ഇപ്പോഴത്തേതെന്ന് തെളിയിക്കാന്‍ ഇതിലൂടെ സാധിച്ചു. ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെയും മോദി സര്‍ക്കാരിന്റെയും വിശ്വാസം ഉയര്‍ത്തിയ സംഭവമായിരുന്നു ദോക്‌ലാം സംഘര്‍ഷം.

ചൈനയുടെ നിരന്തര ഭീഷണികള്‍ക്കു മുന്‍പില്‍ തെക്കുകിഴക്കന്‍ രാജ്യങ്ങള്‍ക്ക് ഒരു പ്രതീക്ഷയാണ് മോദിയുടെ നേതൃത്വം. ചൈനയുടെ വളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് അവരുടെ തെക്കന്‍ ഏഷ്യന്‍ നയത്തില്‍ ഭാരതത്തെ ഒഴിവാക്കാന്‍ പറ്റാത്ത ഘടകവുമായി. ഇതുതന്നെയാണ് മനിലയിലെ ആസിയാന്‍ ഉച്ചകോടിയില്‍ ഭാരത പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തെ ശ്രദ്ധേയമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യവും രൂപപ്പെട്ടു. മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി കുറയ്ക്കുകയും, തെക്കന്‍ ചൈന കടലിലൂടെയുള്ള യാത്രാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

നമ്മുടെ തെക്കന്‍ ചൈനാ നയത്തിന്റെ മറ്റൊരു ലക്ഷ്യം വര്‍ഷങ്ങളായി വിവിധ സര്‍ക്കാരുകള്‍ വികസനത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിച്ച് നിക്ഷേപങ്ങളിലൂടെ മേഖലയിലെ അവികസിതാവസ്ഥയും വിഘടനവാദ പ്രശ്‌നങ്ങളും പരിഹരിക്കുകയെന്നതാണ്. മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ-മ്യാന്മര്‍-തായ്‌ലാന്‍ഡ് ദേശീയപാതയും റെയില്‍വേപ്പാതയും നിര്‍മ്മാണത്തിലാണ്. ദേശീയ കായിക സര്‍വകലാശാല, ദേശീയ കാര്‍ഷിക സര്‍വകലാശാല, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, നിരവധി വൈദ്യുത പദ്ധതികള്‍ എന്നിവ ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുകയുണ്ടായി.

വിയറ്റ്‌നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളുമായി വിദ്യാഭ്യാസ, സാംസ്‌കാരിക, സൈനിക മേഖലകളില്‍ കരാറുകള്‍ ഒപ്പുവയ്ക്കുകയും ചെയ്തു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ബന്ധത്തിനാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. പ്രധാനമന്ത്രിയായശേഷം അദ്ദേഹം നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍തന്നെ ഭാരതത്തിന്റെ ദേശീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്മര്‍, കംബോഡിയ, ലാവോസ്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഭാരതത്തിന്റെ ഈ മേഖലയിലെ സ്വാധീനം വര്‍ധിപ്പിച്ചു.

ഫിലിപ്പീന്‍സിലേക്ക് പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യത്തെ സന്ദര്‍ശനമാണ്. കാര്‍ഷിക രാജ്യമായ ഭാരതത്തിന്റെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനായി അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രം മോദി സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ഗവേഷണം നടത്തുന്ന ഇന്ത്യന്‍ ഗവേഷകരുമായി സംവദിക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മെക്കോണ്‍ ടേണ്‍ബുള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി. ഏഷ്യയില്‍ ചൈനയോട് കിടപിടിക്കാവുന്ന തരത്തില്‍ സാമ്പത്തികമായും സൈനികമായും ജനസംഖ്യ അടിസ്ഥാനത്തിലും ശക്തിയുള്ള രാജ്യമാണ് ഭാരതം. അതിനാല്‍തന്നെ ആഗോളവല്‍കൃത ലോകത്ത്, പ്രത്യേകിച്ച് വളരുന്ന പ്രധാന സാമ്പത്തിക ശക്തിയെന്ന നിലയിലും ശക്തമായ നേതൃത്വമുള്ള രാജ്യം എന്ന നിലയിലും നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥ സംശുദ്ധീകരിച്ച് അഴിമതി, ചുവപ്പുനാട തുടങ്ങിയവ കുറച്ചുകൊണ്ടുവരാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതിനാല്‍തന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഭാരതത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.