കശ്മീരില്‍ ഭീകരതയുടെ അന്ത്യനാളുകള്‍

Tuesday 21 November 2017 2:45 am IST

കശ്മീര്‍ താഴ്‌വര പൊതുവേ ശാന്തമായിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത രാജ്യത്തിനാകെ ആശ്വാസം പകരുന്നതാണ്. കശ്മീരിന്റെ ശാശ്വത സമാധാന പ്രക്രിയ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന ഉറപ്പ് സൈന്യവും നല്‍കുന്നുണ്ട്.

കശ്മീരികളായ ഭീകരരും നുഴഞ്ഞുകയറിയെത്തുന്ന ഭീകരരും സുരക്ഷാ സൈന്യത്തിന്റെ കൈകളാല്‍ ദിവസേനയെന്നോണം കൊല്ലപ്പെടുകയാണ്. കശ്മീരിന്റെ മോചനത്തിനായി തോക്കേന്തിയ ലഷ്‌കറെ തോയ്ബയ്ക്ക് നാഥനില്ലാതായിട്ട് മാസങ്ങളായി. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ബന്ദിപ്പോര ജില്ലയില്‍ ആറു ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. അതിശക്തമായ നടപടികളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കരസേന ഇവിടെ സ്വീകരിച്ചത്. ഇതിന്റെ ഫലമായാണ് കശ്മീര്‍ താഴ്‌വരയിലെ ഭീകരരുടെ സാന്നിധ്യം ക്രമാതീതമായി കുറഞ്ഞുവരുന്നത്.

സൈന്യത്തിന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും തന്ത്രങ്ങളുടെ വിജയംകൂടിയാണ് കശ്മീരില്‍ നിന്ന് കേള്‍ക്കുന്ന ശുഭവാര്‍ത്തകള്‍.

ഈ വര്‍ഷം മാത്രം കശ്മീരില്‍ വധിച്ച ഭീകരരുടെ സംഖ്യ 190 ആണെന്ന് സൈന്യം അറിയിക്കുന്നു. ഇതില്‍ 80 പേര്‍ കശ്മീരില്‍ത്തന്നെയുള്ള ഭീകര പരിശീലനം ലഭിച്ച യുവാക്കളാണ്. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ 110 ഭീകരരും നവംബര്‍ വരെ കശ്മീരില്‍ കൊല്ലപ്പെട്ടു. ഇതില്‍ എണ്‍പതോളം പേരെ പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറുന്നതിനിടെ നിയന്ത്രണരേഖാ പ്രദേശത്തുവച്ചാണ് സുരക്ഷാ സൈന്യം വധിച്ചത്.

ഭീകര സംഘടനകളുടെ നേതാക്കളെ തെരഞ്ഞുപിടിച്ച് വധിക്കുന്ന പുതിയ തന്ത്രമാണ് താഴ്‌വരയില്‍ മേധാവിത്വം പൂര്‍ണ്ണമാക്കാന്‍ സുരക്ഷാ സൈന്യത്തെ സഹായിച്ചത്.

ഭീകരവേട്ടയ്ക്കായി ജമ്മു-കശ്മീര്‍ പോലീസ്, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍, കരസേന, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ സംയുക്ത സംഘത്തെ നിയോഗിച്ചതും നിര്‍ണ്ണായക മേല്‍ക്കൈ നേടാന്‍ സഹായമായി. ഭീകരരെ പിടികൂടുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്തമായ നീക്കമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്നത്.

കരസേനയ്ക്ക് പുറമേ വ്യോമസേനയുടെ കമാന്റോ വിഭാഗങ്ങളേയും കശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചിരിക്കുന്നു. ഇന്ത്യ, കശ്മീരില്‍ രണ്ടും കല്‍പ്പിച്ചാണെന്ന പാക്കിസ്ഥാന്‍ പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തലുകളും കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിന്റെ സൂചന നല്‍കുന്നുണ്ട്.

ഇതിനു പുറമേയാണ് ഭീകരസംഘടനകളില്‍ നിന്ന് തിരികെ എത്തുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു എന്ന വാര്‍ത്തകള്‍. ലഷ്‌കറെ തോയ്ബയിലെ ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ച് ഫുട്‌ബോള്‍ താരമായ മജിദ് ഖാന്‍ മുഖ്യധാരയിലേക്ക് തിരികെ എത്തിയിരിക്കുന്നു. ഷോപ്പിയാനിലെ കപ്രിനിലുള്ള ആഷിക് ഹുസൈന്‍ ഭട്ട് എന്ന യുവാവ് ഇന്നലെ വീട്ടില്‍ തിരികെ എത്തിയതായി പോലീസും സൈന്യവും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ യുവാക്കള്‍ ഭീകരബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിഘടനവാദി സംഘടനകളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ നിലച്ചിരിക്കുന്നു. പ്രതിദിനം അമ്പതോളം കല്ലേറ് സംഭവങ്ങളുണ്ടായിക്കൊണ്ടിരുന്ന കശ്മീരില്‍ അത്തരം സംഭവങ്ങളുടെ എണ്ണത്തില്‍ 90 ശതമാനം കുറവാണ് വന്നിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിക്കുന്നു.

വിഘടനവാദ നേതാക്കള്‍ക്കെതിരായ എന്‍ഐഎ നടപടികള്‍, നോട്ട് നിരോധനം, ഭീകരരെ തെരഞ്ഞുപിടിച്ച് വധിക്കല്‍ എന്നീ മൂന്നു തന്ത്രങ്ങളാണ് കശ്മീരിനെ തിരികെ പിടിക്കാനായി കേന്ദ്രസര്‍ക്കാരും സുരക്ഷാ ഏജന്‍സികളും സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കായി നിയോഗിച്ച മധ്യസ്ഥനായ മുന്‍ ഐബി മേധാവി ദിനേശ്വര്‍ ശര്‍മ്മയുടെ സാന്നിധ്യവും കശ്മീരിലുണ്ട്. ഭീകരവാദത്തിന്റെ പിടിയില്‍നിന്ന് അതിവേഗത്തില്‍ മാറുന്ന കശ്മീരിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.