ഇസ്രയേലുമായുള്ള മിസൈല്‍ കരാര്‍ ഇന്ത്യ റദ്ദാക്കി

Tuesday 21 November 2017 2:51 am IST

ന്യൂദല്‍ഹി: ഇസ്രയേലുമായുള്ള 500 മില്യണ്‍ ഡോളറിന്റെ ആയുധക്കരാര്‍ ഇന്ത്യ റദ്ദാക്കി. മിസൈലുകള്‍ നിര്‍മിക്കാന്‍ ഇസ്രയേലിലെ റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റവുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. പ്രതിരോധ ഗവേഷണ, വികസന സംഘടനയോട് (ഡിആര്‍ഡിഒ) മിസൈലുകള്‍ പൂര്‍ണമായും ആഭ്യന്തരമായി നിര്‍മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സൈന്യത്തിനു വേണ്ടി എംപിഎറ്റിജി വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍ നിര്‍മിക്കാന്‍ സംയുക്ത സഹകരണത്തിനുള്ള കരാറിനാണ് കഴിഞ്ഞ വര്‍ഷം ധാരണയായത്. ഇതനുസരിച്ച് റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റവും ഇന്ത്യയിലെ കല്യാണി ഗ്രൂപ്പും ഹൈദരാബാദില്‍ ഫാക്ടറിയും സ്ഥാപിച്ചു. കഴിഞ്ഞ ആഗസ്തിലായിരുന്നു ഈ ഫാക്ടറിയുടെ ഉദ്ഘാടനം.

മിസൈല്‍ നിര്‍മാണത്തില്‍ മറ്റൊരു രാജ്യവുമായുള്ള സഹകരണം ഡിആര്‍ഡിഒ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ആയുധ നിര്‍മാണ പദ്ധതികളെ ബാധിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എറ്റിജി മിസൈല്‍ ഇനത്തില്‍ നാഗ്, അനാമിക മിസൈലുകള്‍ ഡിആര്‍ഡിഒ വിജയകരമായി നിര്‍മിച്ച് കഴിഞ്ഞു. എംപിഎറ്റിജി മിസൈലുകളും സൈന്യത്തിനായി നിര്‍മിക്കാനാവുമെന്ന് ഡിആര്‍ഡിഒയ്ക്ക് ആത്മവിശ്വാസമുണ്ട്. ഇസ്രയേലിന്റെ സ്‌പൈക് മിസൈലുകളോടു കിടപിടിക്കുന്ന തരത്തില്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ എംപിഎറ്റിജി മിസൈലുകള്‍ ഇന്ത്യക്കു നിര്‍മിക്കാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

എംപിഎറ്റിജിമിസൈലുകള്‍ മൂന്നാം തലമുറ മിസൈലുകളാണ്. രാത്രിയും പകലും പ്രയോഗിക്കാവുന്ന ഈ മിസൈലുകളുടെ ആക്രമണ പരിധി രണ്ടരക്കിലോമീറ്ററാണ്. ഇന്ത്യ ഇപ്പോള്‍ രണ്ടാംതലമുറ എറ്റിജിഎമ്മുകളായ കോണ്‍കുര്‍സ്, മിലന്‍ 2റ്റി എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവ രാത്രികാല ആക്രമണത്തിന് ഫലപ്രദമല്ല.

സംയുക്തസംരംഭത്തിനുള്ള സാമ്പത്തിക സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് 2015ലാണ്. 2016 ജൂണില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. പിന്നീട് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, മിസൈലുകള്‍ ആഭ്യന്തരമായി നിര്‍മിക്കുന്നതിന്റെ സാധ്യത ആരായാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.