ഇന്റര്‍ മുന്നോട്ട്; യുവന്റസ് തോറ്റു

Tuesday 21 November 2017 2:30 am IST

മിലാന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് തോറ്റപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന് ജയം.

സാംപദോറിയയോട് 3-2ന് പരാജയപ്പെട്ട യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ അറ്റ്‌ലാന്റയെ 2-0ന് തകര്‍ത്ത് ഇന്റര്‍ രണ്ടാം പടിയിലേക്ക് ഉയര്‍ന്നു. ഇന്ററിന്റെ രണ്ട് ഗോളുകളും നേടിയത് മൗറോ ഇക്കാര്‍ഡിയാണ്.

അറ്റ്‌ലാന്റക്കെതിരായ കളി തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ഇരുടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലൂം ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. പിന്നീട് 51, 60 മിനിറ്റുകളില്‍ ഇക്കാര്‍ഡി രണ്ട് തവണ പ്രഹരമേല്‍പ്പിച്ചതോടെ വിജയം ഇന്ററിനൊപ്പമായി. ഇതോടെ 13 കളികളില്‍ നിന്ന് ഇന്ററിന് 33 പോയിന്റായി. 35 പോയിന്റുള്ള നാപ്പോളിയാണ് ഒന്നാമത്.

സാംപദോറിയക്കെതിരായ മത്സരത്തില്‍ പരിക്ക് സമയത്ത് നേടിയ രണ്ട് ഗോളുകളാണ് യുവന്റസിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. 90 മിനിറ്റ് കളിക്കുശേഷം ലഭിച്ച പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗൊണ്‍സാലോ ഹിഗ്വയിനും നാലാം മിനിറ്റില്‍ ഡൈബാലയുമാണ് യുവന്റസിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 52-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ട, 71-ാം മിനിറ്റില്‍ ലൂക്കാസ് ടോറിയേര, 79-ാം മിനിറ്റില്‍ ജിയാന്‍മാര്‍ക്കോ ഫെരാരി എന്നിവരാണ് സാംപദോറിയയുടെ ഗോളുകള്‍ കണ്ടെത്തിയത്. ജയിച്ചെങ്കിലും 26 പോയിന്റുമായി സാംപദോറിയ ആറാം സ്ഥാനത്ത് തുടരുന്നു. മൂന്നാം സ്ഥാനത്തേക്ക് വഴുതിവീണ യുവന്റസിന് 31 പോയിന്റാണുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.