ചങ്ങനാശ്ശേരിയില്‍ നടപ്പാതയില്‍ കയ്യേറ്റം; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

Tuesday 21 November 2017 12:00 am IST

ചങ്ങനാശ്ശേരി: നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു.എം.സി റോഡ് പുതുക്കിപണിതപ്പോള്‍ നടപ്പാതയും നിര്‍മ്മിച്ചു. എന്നാല്‍ ഈ പാത ദിവസങ്ങള്‍ക്കുളളില്‍ കയ്യേറി. ഇപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്.നഗരസഭ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.
റോഡ് വീതികൂട്ടി നിര്‍മ്മിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റോഡ് കയ്യേറിയുള്ള കച്ചവടവും അനധികൃത വാഹനപാര്‍ക്കിംഗും തുടരുന്നതിനാല്‍ ഇതിന് കുറവ് വന്നിട്ടില്ല. പെരുന്ന മുതല്‍ ടൗണ്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഏറെ സമയമെടുത്താണ് വാഹനങ്ങള്‍ ഈ ഭാഗം കടക്കുന്നത്.
പെരുന്ന കവിയൂര്‍ റോഡിലേക്കുള്ള പാതയില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തെക്കു നിന്നും വരുന്ന വാഹനങ്ങള്‍ നിയമം തെറ്റിച്ച് വലതു വശത്തുകൂടി കവിയൂര്‍ റോഡില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇവിടെ ഗതാഗത തടസ്സം ഒഴിഞ്ഞ നേരമില്ല. ഹോം ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രയോജനമൊന്നുമില്ല.വലിയ വാഹനങ്ങളും കാറുകളും ഇവിടെ നിന്ന് തിരിഞ്ഞു പോകാന്‍ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് ഗതാഗത തടസ്സത്തിനു കാരണമായി ട്രാഫിക്ക് നീയമലംഘനം അരങ്ങേറുന്നത്.പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.