കുറുവാ ദ്വീപിലും സിപിഎം-സിപിഐ പോര്

Tuesday 21 November 2017 2:51 am IST

കല്‍പ്പറ്റ : കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതിനെ ചൊല്ലി സിപിഐ-സിപിഎം പോര് മുറുകുന്നു. ദ്വീപിന്റെ ഒരുഭാഗത്ത് ഡിടിപിസിയും മറുഭാഗത്ത് പാക്കം വനസംരക്ഷണ സമിതിയുമാണ്. ഡിടിപിസിയുടെ ഭരണം പൂര്‍ണ്ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. തങ്ങളുടെ അനുകൂലികളെ നിയമിച്ചും എതിരാളികളെ പുറത്താക്കിയും സിപിഎം നടത്തിയ ധാര്‍ഷ്ട്യത്തിന് മറുപടിയായാണ് പാരിസ്ഥിതിക സംഘടനകളെ കൂട്ടുപിടിച്ച് സിപിഐ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍.

മാനന്തവാടി നഗരസഭാ പരിധിയിലാണ് കുറുവ ദ്വീപ്. ദ്വീപിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിടിപിസി പ്രദേശവാസികളെ തഴഞ്ഞ് സിപിഎമ്മുകാരെ നിയമിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇരുവിഭാഗങ്ങളും പത്രസമ്മേളനം നടത്തി ന്യായീകരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
രാജ്യത്തെ വനമേഖലകളില്‍ വിവിധ ഏജന്‍സികളുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിത ടൂറിസമാണ് അനുവദിക്കുന്നത്. വയനാട് ജില്ലയിലെ കുറുവ ദ്വീപ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണ്. ജില്ലയിലെ തോല്‍പ്പെട്ടി മുത്തങ്ങ, ചേമ്പ്രപീക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ 200 മുതല്‍ 400 പേരെ വരെ മാത്രമേ ദിവസവും സന്ദര്‍ശനത്തിന് അനുവദിക്കുന്നുള്ളൂ എന്നാണ് സിപിഐ പക്ഷം.

വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സിനീയര്‍ സയിന്റിസ്റ്റ് ബിതോസിന്ന കുറുവ ദ്വീപിലെത്തി സഞ്ചാരികളെക്കുറിച്ച് പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 400 പേര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തി വനം വകുപ്പ് ഉത്തരവ് ഇറക്കിയതെന്നാണ് സിപിഐ പറയുന്നത്. ഇതോടെ കുറുവ ദ്വീപിന്റെ ഇരുഭാഗത്തുമായി ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് വെട്ടിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.