ബിജെപി കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കാന്‍ സമ്മര്‍ദ്ദം

Tuesday 21 November 2017 2:52 am IST

 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ സിപിഎം അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആറ്റുകാല്‍ കൗണ്‍സിലര്‍ ആര്‍.സി. ബീനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് സമീപം

തിരുവനന്തപുരം: നഗരസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ പോലീസില്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം. മേയറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസ്സെടുക്കണമെന്നാണ് സിപിഎം ആവശ്യം.

ചികിത്സയില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി കൗണ്‍സിലര്‍മാരെ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. ആറ്റുകാല്‍ ആശുപത്രിയില്‍ വന്‍ പോലീസ് സംഘം എത്തി. സൂപ്രണ്ടിന്റെ എതിര്‍പ്പും ബിജെപിയുടെ പ്രതിഷേധവും മൂലം അറസ്റ്റ് ചെയ്യാനായില്ല. ആശുപത്രിയില്‍ കിടക്കുന്നവരുടെ ആരോഗ്യനില മോശമാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തി.

നഗരസഭയിലെ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നിഷ്പക്ഷമായി തീരുമാനമെടുക്കണമെന്നായിരുന്നു ബിജെപി നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ബിജെപി പ്രതിനിധി സംഘം പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ സന്ദര്‍ശിച്ച് നിവേദനവും നല്‍കി. ഏകപക്ഷീയമായ അറസ്റ്റ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.
ബിജെപി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്തതിലുള്ള പ്രതിഷേധവും ഡിജിപിയെ അറിയിച്ചു. മര്‍ദ്ദിച്ച കൗണ്‍സിലറുടെ പേരുള്‍െപ്പടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ കൗണ്‍സിലര്‍ പോലീസിന് മൊഴി നല്‍കിയിട്ടും കേസെടുത്തില്ല.

കൗണ്‍സില്‍ ഹാളിനുള്ളിലെ സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്തതാണ്. മേയര്‍ക്ക് കഴുത്തിന് മുകളില്‍ പരിക്കില്ല. ആയുധം ഉപയോഗിച്ചിട്ടുമില്ല. എന്നിട്ടും ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുത്തത് അംഗീകരിക്കാനാവില്ലന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.