പോരിന് പുതിയ മുഖം

Tuesday 21 November 2017 1:04 am IST

കൊച്ചി: തോമസ് ചാണ്ടിയുടെ പേരില്‍ ഉടലെടുത്ത സിപിഎം സിപിഐ പോര് ദിനം പ്രതി രൂക്ഷമാകുകയാണ്. നേതാക്കളുടെ വെല്ലുവിളികളും പരസ്യമായ കടന്നാക്രമണവും തെല്ലു കുറഞ്ഞെങ്കിലും പോര് പുതിയ തലത്തിലേക്ക് കടന്നു. ബഹിഷ്‌ക്കരണവും പാര്‍ട്ടി യോഗങ്ങളിലെ കടുത്ത വിമര്‍ശനങ്ങളുമാണ് ഇപ്പോള്‍.

എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷികള്‍ തമ്മിലുള്ള ചേരിപ്പോരും അവിശ്വാസവും ഭരണത്തെയും നന്നായി ബാധിച്ചു. ആര് എന്തു തെറ്റു ചെയ്യുന്നുവെന്ന് കണ്ടെത്താന്‍ പരസ്പരം നിരീക്ഷിക്കുന്ന അവസ്ഥയാണ്. വരും നാളുകളില്‍ ഇത് കൂടുമെന്നാണ് സൂചന.
കാസര്‍കോട്ട് സിപിഎം, സിപിഐ മന്ത്രി ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ചെങ്കില്‍ ഇടുക്കിയില്‍ സിപിഎം ഉണ്ടാക്കിയ മൂന്നാര്‍ സംരക്ഷണ സമതി ഇന്ന് ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.

സിപിഐ ഈ ഹര്‍ത്താലിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. സിപിഎം എംപി ജോയിസ് ജോര്‍ജ്ജിന്റെ കൈയേറ്റം രക്ഷിക്കാനാണ് ഹര്‍ത്താലെന്ന് സിപിഐ കരുതുന്നുമുണ്ട്. മാത്രമല്ല സിപിഎം നേതാക്കള്‍ക്ക് നിയമം ലംഘിച്ച് പട്ടയം തരപ്പെടുത്തിയ സിപിഎംകാരായ ഉദ്യോഗസ്ഥരെ സിപിഐ നോട്ടമിട്ടു കഴിഞ്ഞു.

തഹസില്‍ദാര്‍മാര്‍ അടക്കമുള്ളവര്‍ക്ക് മെമ്മോ നല്‍കി. എന്തു വന്നാലും ഈ ഉദേ്യാഗസ്ഥര്‍ക്ക് എതിരെ ശക്തമായി നീങ്ങാനാണ് റവന്യൂ മന്ത്രി സബ് കളക്ടര്‍ അടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതും വരും ദിവസങ്ങളില്‍ സര്‍ക്കാരില്‍ വലിയ ഭിന്നതയുണ്ടാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.