സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: വിളംബര ജാഥ നാളെ

Tuesday 21 November 2017 9:47 am IST

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 23 മുതല്‍ 26 വരെ നടക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ വിളംബരഘോഷയാത്ര നാളെ നടക്കും. വൈകിട്ട് 4.30ന് ഡിഡിഇ ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ജാഥ ബിഇഎം ഗേള്‍സ് എച്ച്എസ്എസ്സില്‍ സമാപിക്കും.
നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസിനുപുറമെ മലബാര്‍ ക്രിസ്ത്യന്‍കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാനാഞ്ചിറ ഗവ.മോഡല്‍ എച്ച്എസ്എസ്, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്, സെന്റ് ആഞ്ചലാസ് യുപി സ്‌കൂള്‍, സെന്റ്‌ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ്, ബിഇഎം ഗേള്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളാണ് ശാസ്‌ത്രോത്സവത്തിന് വേദിയാവുന്നത്.

217 ഇനങ്ങളിലായി 6802 മത്സരാര്‍ത്ഥികളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുക. പ്രവൃത്തിപരിചയമേളയില്‍ 3500 പേരും ശാസ്ത്രമേളയില്‍ 1120 പേരും ഗണിതശാസ്ത്രമേളയില്‍ 924 പേരും സാമൂഹ്യശാസ്ത്രമേളയില്‍ 700 പേരും ഐടി മേളയില്‍ 308 പേരും വൊക്കേഷണല്‍ എക്‌സ്‌പോയില്‍ 250 വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
പ്രവൃത്തി പരിചയമേളക്കായി 60,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള കൂറ്റന്‍ പന്തലാണ് ഒരുങ്ങുന്നത്. 24,25 ദിവസങ്ങളില്‍ മലബാര്‍ ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടില്‍ കളരിപ്പയറ്റ്, മാജിക് സന്ധ്യ, പാവനാടകം, സംഗീത സന്ധ്യ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചാകും മേളയുടെ നടത്തിപ്പ്. ഇതിനായി വേദികളില്‍ ഓലക്കൊട്ടകള്‍ വെക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഓലക്കൊട്ട നിര്‍മാണ മത്സരത്തില്‍ ഉണ്ടാക്കുന്ന കൊട്ടകളാണ് ഉപയോഗിക്കുക. ഇന്ന് ഉച്ചയ്ക്ക് 1.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഓലക്കൊട്ട നിര്‍മ്മാണ മത്സരം നടക്കും.
വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വേദികളിലും മെഡിക്കല്‍ ടീം, ആംബുലന്‍സ് സൗകര്യവും കുടിവെള്ളം വിതരണവും ഒരുക്കും. പിടിഎ, സേവാഭാരതി എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരം സേവനങ്ങള്‍ ഒരുക്കുക. ടോയ്‌ലറ്റുകള്‍ വിദ്യാര്‍ത്ഥി സൗഹൃദവുമാക്കുന്നുണ്ട്. മേളയുടെ രജിസ്‌ട്രേഷന്‍ 23 ന് രാവിലെ 10 മുതല്‍ നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസ്സില്‍ ആരംഭിക്കും.
ശാസ്‌ത്രോത്സവത്തിന്റെ പ്രോഗ്രാം കമ്മറ്റി ഓഫീസ് ഇന്നലെ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഡിപിഐ ജിമ്മി കെ. ജോസ്, ഡിഡിഇ ഇ.കെ. സുരേഷ് കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ എ.കെ. മുഹമ്മദ് അഷ്‌റഫ്, നടക്കാവ് ഗേള്‍സ് എച്ച്എസ് ഹെഡ്മാസ്റ്റര്‍ എന്‍. മുരളി, സബ് കമ്മറ്റി കണ്‍വീനര്‍മാരായ പി.കെ. സതീഷന്‍, പി.കെ. അരവിന്ദന്‍, കെ.സി. ഫസലുല്‍ ഹഖ്, സാജിദ്, കെ.സി. സാലി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.