കൊല്ലം ബൈപ്പാസ് പണി വേഗത്തില്‍

Tuesday 21 November 2017 11:23 am IST


കുണ്ടറ: ദേശീയപാത 47-നെ കാവനാട് ആല്‍ത്തറമൂട് മുതല്‍ തട്ടാമല മേവറം വരെ ബന്ധിപ്പിക്കുന്ന കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം പുരോഗമിക്കുന്നു. തട്ടാമല മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള റോഡിന്റെ ആകെ നീളം 13 കി.മീറ്റര്‍ ആണ്. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള 4.55 കി.മീറ്റര്‍ ഭാഗം ഇതുവരെ പൂര്‍ത്തിയായി. ബാക്കി നിര്‍മാണം പുരോഗമിക്കുന്നു.
കൊല്ലം നഗരത്തിനുള്ളിലെ തിരക്ക് കുറയ്ക്കാനായി 1971 ല്‍ ടി.കെ ദിവാകരന്‍ പൊതുമരാമത്തു മന്ത്രിയായിരുന്ന സമയത്താണ് കൊല്ലംബൈപാസ് എന്ന ആശയം നിലവില്‍ വന്നത്.
ഈ സമയത്ത് ഓലയില്‍, തേവള്ളി, വെള്ളയിട്ടമ്പലം വഴിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ടി.കെ. ദിവാകരന്റെ വ്യക്തിപരമായ ആഗ്രഹപ്രകാരം മേവറം, കല്ലുംതാഴം, കടവൂര്‍, കാവനാട് വഴി ആക്കുകയായിരുന്നു. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള 4.55 കി.മീ ദൂരം പണി പൂര്‍ത്തിയാക്കി 2000-ല്‍ ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു. ഇപ്പോള്‍ കല്ലുംതാഴം മുതല്‍ ആല്‍ത്തറമൂട് വരെയുള്ള 8.45 കീ.മീ. പണി ആരംഭിച്ചിട്ടുണ്ട്.
കാവനാട്-കുരീപ്പുഴ പാലം, നീരാവില്‍ പാലം, കടവൂര്‍-മങ്ങാട് പാലം എന്നീ മൂന്ന് പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. മൂന്നു പാലങ്ങളുടെയും പണി ദ്രുതഗതിയില്‍ നടക്കുകയാണ്. ഉയരംകൂടിയതും ജലഗതാഗതത്തിനു അനുയോജ്യമായ നാവിഗേഷന്‍ പാന്‍ അഥവാ ഉയരം കൂടിയപാലമാണ് കാവനാട്-കുരീപ്പുഴ പാലത്തിന്റെ പ്രത്യേകത. നീരാവിലെ പാലം ഏകദേശം നാനൂറ് മീറ്ററും കടവൂര്‍ മങ്ങാട് പാലത്തിനു ഏകദേശം 960 മീറ്റര്‍ നീളവും വരും
കൊച്ചിയിലുള്ള ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് പണിയുടെ ഉത്തരവാദിത്വം. മേവറം മുതല്‍ അയത്തില്‍-കല്ലുംതാഴം വരെ വീതി കൂട്ടി ടാര്‍ ചെയ്യുന്ന പണിയും അയത്തില്‍ ഭാഗത്തു മഴവെള്ളം ഒഴുകിപോകുന്നതിനുള്ള ഓടനിര്‍മാണവും പൂര്‍ത്തിയായിവരുന്നു.
മണ്ണിന്റെ ദൗര്‍ലഭ്യമാണ് പണി പുരോഗമിക്കുന്നതിന് തടസമാകുന്നത്. പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിയ റോഡ്പണി കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പുനരാരംഭിച്ചത്. ഈ റോഡ് പൂര്‍ണമായും പൂര്‍ത്തിയാകുമ്പോള്‍ കൊല്ലം നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് പകുതിയോളം കുറയ്ക്കാന്‍ കഴിയും.
എറണാകുളം-തിരുവനന്തപുരം യാത്രയില്‍ വളരെയേറെ സമയവും ഇന്ധനവും ലാഭിക്കാന്‍ കഴിയും. ബൈപ്പാസ് പണി പുനരാരംഭിച്ചതു മുതല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും. എംഎല്‍എമാരായ നൗഷാദ്, മുകേഷ്, മന്ത്രിയായ മേഴ്‌സിക്കുട്ടിയമ്മയും ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആവേശം കാണിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.