ഐഎഫ്എഫ്‌ഐയില്‍ 'എസ്.ദുര്‍ഗ' പ്രദര്‍ശിപ്പിക്കാം

Tuesday 21 November 2017 2:48 pm IST

കൊച്ചി: ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മലയാള സിനിമ ‘എസ്.ദുര്‍ഗ’ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഐഎഫ്എഫ്‌ഐയില്‍ നിന്ന് ‘എസ്. ദുര്‍ഗ’ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി.

നവംബര്‍ 28 വരെ നടക്കുന്ന മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ജൂറി അനുവദിച്ചിരുന്നു. എന്നാല്‍ അതു മറികടന്നു സിനിമയെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു സംവിധായകന്‍ ശശിധരന്റെ ഹര്‍ജി. സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയില്‍ അശ്ലീല രംഗങ്ങളൊന്നുമില്ലെന്നും സിനിമയുടെ ഉള്ളടക്കം മനസിലാക്കാതെയാണു നടപടിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

‘സെക്‌സി ദുര്‍ഗ’ എന്നായിരുന്നു സിനിമയുടെ ആദ്യ പേര്. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ മൂലം ‘എസ്.ദുര്‍ഗ’ എന്ന് പേരു മാറ്റുകയായിരുന്നു. സിനിമയുടെ പേരു മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നു പറഞ്ഞതോടെയാണ് ഇക്കാര്യത്തിന് നിര്‍ബന്ധിതനായതെന്നു സംവിധായകന്‍ ശശിധരന്‍ പറഞ്ഞിരുന്നു.

റോട്ടര്‍ഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് ‘എസ്.ദുര്‍ഗ’.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.