എന്റെ ദേഹത്തു ചവിട്ടിയാണ് മേയര്‍ കടന്നുപോയത്

Wednesday 22 November 2017 2:30 am IST

തിരുവനന്തപുരം: കൗണ്‍സില്‍ ഹാളില്‍ നടന്ന ബഹളത്തിനിടയില്‍ പടിക്കെട്ടിലേക്ക് തള്ളിയിട്ട ശേഷം എന്റെ ദേഹത്തു ചവിട്ടിയാണ് മേയര്‍ കടന്നു പോയതെന്ന് ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ പറഞ്ഞു. കൗണ്‍സിലില്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിച്ച് ഏകാധിപത്യ നടപടി സ്വീകരിച്ചതിനാലാണ് സമാധാനപരമായി ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ സിപിഎം അംഗങ്ങള്‍ പോര്‍വിളിയുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ഓഫീസ് മുറിയിലേക്ക് പോകാന്‍ മേയര്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധിച്ചു. പടിക്കെട്ടിനു സമീപം നിന്ന എന്നെ സിപിഎം അംഗങ്ങള്‍ തള്ളിയിട്ടു. പടിക്കെട്ടിലേക്ക് വീണ എന്റെ ദേഹത്ത് ചവിട്ടിയാണ് മേയര്‍ വി.കെ. പ്രശാന്ത് കടന്നുപോയത്. വേദന കൊണ്ട് നിലവിളിച്ചപ്പോള്‍ സമീപം നിന്ന സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ പിടിച്ച് പുറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു. ഇത് തട്ടിമാറ്റി നീങ്ങുന്നതിനിടയിലാണ് മേയര്‍ കാല്‍ തെന്നി വീണത്. ഈ സമയം കോണിപ്പടിയുടെ കൈവരി ചാടികടന്ന് എത്തിയ കൗണ്‍സിലര്‍ ഐ.പി. ബിനു എന്നെ ചവിട്ടി. ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
പ്രതിപക്ഷ ബഹുമാനമോ മനുഷ്യത്വമോ ഇല്ലാത്ത തരത്തിലായിരുന്നു മേയറുടെ ഇടപെടല്‍. അതുണ്ടായിരുന്നെങ്കില്‍ നിലത്തു വീണ ഒരാളെ ചവിട്ടി മേയര്‍ കടന്നുപോകില്ലായിരുന്നുവെന്നും ഗിരികുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.