നാലുകെട്ടിന് അറുപതെത്തിയ ചെറുപ്പം

Tuesday 21 November 2017 5:47 pm IST

എംടി വാസുദേവന്‍നായരുടെ നോവല്‍ നാലുകെട്ടിന് വയസ് അറുപതായിട്ടും നായകന്‍ അപ്പുണ്ണി ഇപ്പോഴും പ്രതിഷേധ സൗന്ദര്യത്തില്‍ ചെറുപ്പക്കാരന്‍ തന്നെ. വായനക്കാര്‍ നോവല്‍ വായിച്ചു വായിച്ചു ക്ഷുഭിത യൗവനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അപ്പുണ്ണിയിലൂടെ പൗരുഷത്തിന്റെ ലാവാ പ്രവാഹം നെഞ്ചേറ്റി വാങ്ങിയവരാകണം നാലുകെട്ടിന്റെ അന്നത്തേയും ഇന്നത്തേയും പുസ്തക പ്രേമികള്‍. 1958ല്‍ ഇറങ്ങിയ നാലുകെട്ടിന്റെ അന്‍പതാം പതിപ്പ് തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കുമ്പോള്‍ മലയാള സാഹിത്യത്തില്‍ ഒരുകാലത്തെ അടയാളപ്പെടുത്തുകയും ആസ്വാദനത്തെ മാറ്റി സ്ഥാപിക്കുകയും ചെയ്ത ഒരു രചന ആഘോഷിക്കുക കൂടിയാണ് മലയാളി.

ഫൂഡലിസത്തിന്റെ മാത്രമല്ല, മനുഷ്യമനസിലെ ജീര്‍ണ്ണതകളുടെ ഇരുട്ടിന്റെ മാറാലകള്‍ തുടച്ചു നീക്കുകകൂടിയാണ് നാലുകെട്ട്. നാലുകെട്ട് പൊളിച്ചുകളഞ്ഞ് കാറ്റും വെളിച്ചവും കടന്നുവരുന്ന ചെറിയ വീടുമതിയെന്നു അപ്പുണ്ണി തീരുമാനിക്കുകയും തനിക്കു വളരണമെന്ന് നിശ്ചയിക്കുന്നതും കേരളത്തിന്റെ ഭാവിയിലേക്കുള്ള ആത്മവിശ്വാസത്തിന്റെ കരുതല്‍ മൂലധനം കൂടിയാണ്. അപ്പുണ്ണി അന്നത്തെ മാത്രമല്ല പിന്നീടുവന്ന ചെറുപ്പത്തിന്റെ കൂടി തിളക്കുന്ന ആണത്തത്തിന്റെ തിണര്‍പ്പുകൂടിയാണ്. സാമൂഹ്യമാറ്റത്തിനു കാതോര്‍ത്തിരുന്ന അന്നത്തെ നാളുകളുടെ കൂടി പരിഛേദമാണ്. കൂട്ടുകുടുംബത്തിന്റെ പ്രശ്‌നങ്ങളും അതിലെ സങ്കീര്‍ണ്ണതകളും മനുഷ്യവികാരങ്ങളുടെ ഒതുക്കപ്പെട്ട നിശ്വാസങ്ങളും കതിരിട്ടു നില്‍ക്കുന്ന പാതിയടഞ്ഞ വാതായനങ്ങള്‍ ഇതില്‍ കാണാം.

വള്ളുവനാടന്‍ ഭാഷയുടെ തിരിതെളിച്ചവും ആത്മാവുകക്കിയെടുക്കും പോലുള്ള വാക്കുകളും മികവിന്റെ എഴുത്തുശക്തിയായി മറ്റൊരു തരത്തില്‍ നാലുകെട്ടിലൂടെ മലയാളം അനുഭവിക്കുകയായിരുന്നു. പാരായണ സുഗമവും സുഭഗവുമായ നോവല്‍ സ്വരൂപം ഇങ്ങനെയും ആയിരക്കാമെന്ന് അറിയുകയായിരുന്നു വായനക്കാരന്‍. നാട്ടിന്‍പുറത്തിന്റെതായ വ്യവഹാരങ്ങള്‍ ഭാഷയിലൂടെ തിടം വെച്ചുവളരുന്നതും അതു കഥാപാത്രങ്ങളുടെ ആന്തരികതയുമായി സംവദിക്കുന്നതും പുതിയൊരളവിലാണ് നാലുകെട്ടിലൂടെ ആരും കണ്ടത്.

എംടിയുടെ മിക്കവാറും ചെറുകഥയിലും നോവലുകളിലും സിനിമകളിലും കടന്നുവരുന്ന പ്രതിഷേധിക്കുന്ന പുരുഷനും നായകനും അപ്പുണ്ണിയിലൂടെ നോവലില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു. അപ്പുണ്ണിയുടെ പ്രതിനിധികള്‍ തന്നെയാണ് കാലത്തിലേയും അസുരവിത്തിലേയും നായകര്‍. രണ്ടാമൂഴത്തിലെ ഭീമനും വേറൊരാളല്ല. മറ്റൊരര്‍ഥത്തില്‍ ആത്മകഥാപരം തന്നെയാണ് എംടിയുടെ നായകരെല്ലാം. തന്നെ പല നായകരിലുമായി എംടി പങ്കുവെച്ചിരിക്കുന്നുവെന്നു തന്നെ പറയാം.

പതിന്നാലു ഭാഷകളിലാണ് എംടിയുടെ നാലുകെട്ട് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഇംഗ്‌ളീഷിലും പരിഭാഷയുണ്ട്. അഞ്ചുലക്ഷത്തിലധികം കോപ്പികള്‍ നാലുകെട്ടിന്റേതായി ഇറങ്ങിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.