വിവാഹത്തിനായി മതംമാറ്റം വേണ്ട: കോടതി

Tuesday 21 November 2017 5:54 pm IST

 

ഡെറാഡൂണ്‍: വിവാഹം കഴിക്കാന്‍ മാത്രം മതം മാറേണ്ടെന്ന് കോടതി. ഇത്തരം ”നിര്‍ബന്ധിത മതപരിവര്‍ത്തന” നടപടി നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അഖില മതം മാറ്റക്കേസിനോട് സാദൃശ്യമുള്ളതാണ് ഇത്. ഒരു ഹിന്ദു യുവതിയുടെ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഉത്തരവ്. മുസ്ലിമായ കാമുകന്‍ ഹിന്ദുവായി, വിവാഹം ചെയ്തശേഷം ഇസ്ലാമിലേക്ക് മാറുകയായിരുന്നു. യുവതി അച്ഛനമ്മമാര്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചതോടെ കേസ് ഉപേക്ഷിച്ചു.സാമൂഹ്യ വ്യവസ്ഥയില്‍ വരുന്ന അതിവേഗ മാറ്റം പരിഗണിച്ചാണ് നിയമനിര്‍മ്മാണ നിര്‍ദ്ദേശമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

”ഒട്ടേറെ കേസുകള്‍ സംസ്ഥാനത്തുനിന്ന് വരുന്നു. മിക്കതിലും മതം മാറ്റം കല്യാണമെന്ന താല്‍ക്കാലിക ആവശ്യത്തിനു മാത്രമാണ്,” ജസ്റ്റീസ് രാജീവ് ശര്‍മ്മ വിശദീകരിച്ചു. ഹിമാചലിലെയും മദ്ധ്യപ്രദേശിലേയും ഫ്രീഡം ഓഫ് റിലീജ്യണ്‍ ആക്ടുകള്‍ പ്രകാരം ആരുടെയും മതവികാരത്തെ ബാധിക്കാതെ ഉത്തരാഖണ്ഡ് സര്‍ക്കാരും ഇതു നടപ്പാക്കണം. ആ സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിതമാണ്.

”നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നത് കോടതിയുടെ ജോലിയല്ല. പക്ഷേ, അതിവേഗം മാറുന്ന സാമൂഹ്യ ക്രമത്തില്‍ ഇങ്ങനെയൊരു നടപടിവേണമെന്ന് തോന്നിയതിനായലാണ് ഈ നിര്‍ദ്ദേശം,” ജഡ്ജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.