ത്രില്ലടിപ്പിച്ച് ചില്ലാര്‍

Wednesday 22 November 2017 2:30 am IST

 

ഏത് പ്രൊഫഷനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത്, എന്തുകൊണ്ട് എന്ന ചോദ്യം. ചൈനയിലെ സന്യ അരീനയില്‍ നടന്ന ലോകസുന്ദരി മത്സരവേദിയില്‍ ഈ ചോദ്യത്തെ അഭിമുഖീകരിച്ച പെണ്‍കുട്ടി അതിന് വ്യക്തവും കൃത്യവുമായ മറുപടി നല്‍കി. ആ മറുപടി നല്‍കുമ്പോള്‍ ഒരുപക്ഷേ അവളുടെ മനസ്സിലൂടെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ആ മത്സരവേദിയിലെത്തുന്നതിന് മുന്നേയുള്ള നിമിഷങ്ങള്‍ വരെ കടന്നുപോയിരുന്നിരിക്കാം.

അമ്മയ്ക്കാണ് ഈ ലോകത്തില്‍ വച്ചേറ്റവും വലിയ ബഹുമതിയും പ്രതിഫലവും ലഭിക്കേണ്ടതെന്നായിരുന്നു ആ പെണ്‍കുട്ടി നല്‍കിയ ഉത്തരം. വിധികര്‍ത്താക്കളും മറുപടിയില്‍ തൃപ്തരായി. ബുദ്ധിയും അഴകളവുകളും മാറ്റുരച്ച വേദിയില്‍ 2017 ലെ ലോകസുന്ദരിയായി അവര്‍ ആ പെണ്‍കുട്ടിയുടെ പേര് പ്രഖ്യാപിച്ചു. മിസ് വേള്‍ഡ് മാനുഷി ചില്ലാര്‍!.
പതിനേഴ് വര്‍ഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പെണ്‍കുട്ടിയിലേക്കാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്.

മാനുഷി ചില്ലാര്‍ എന്ന ഹരിയാനക്കാരിയിലേക്ക്. അച്ഛനും അമ്മയും ഡോക്ടര്‍മാര്‍. മാനുഷി തിരഞ്ഞെടുത്തതും അവരുടെ വഴി തന്നെയായിരുന്നു. പക്ഷേ ഏതൊരു പെണ്‍കുട്ടിയേയും പോലെ മാനുഷിയ്ക്കും ഉണ്ടായിരുന്നു ഒരു സ്വപ്‌നം, ഒരിക്കലെങ്കിലും സൗന്ദര്യ മത്സരവേദിയിലെത്തുക. ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുക. ആ സ്വപ്‌നമാണ് മാനുഷി സാക്ഷാത്കരിച്ചിരിക്കുന്നത്.

അമ്മ നീലം ചില്ലാറിനോടാണ് തനിക്ക് ഏറെ അടുപ്പമെന്നും അമ്മയാണ് പ്രചോദനമെന്നും മാനുഷി ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. അമ്മയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹത്തിനും ബഹുമാനത്തിനും അര്‍ഹ. എല്ലാ അമ്മമാരും അവരുടെ മക്കള്‍ക്കുവേണ്ടി വളരെയധികം ത്യാഗം ചെയ്യുന്നുണ്ട്. മാനുഷിയുടെ ഈ ഉത്തരം ലോകത്തിലുള്ള, മക്കളെ സ്‌നേഹിക്കുന്ന എല്ലാ അമ്മമാര്‍ക്കുമുള്ള അംഗീകാരമാണ്. 2017 ജൂണില്‍ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസ് വേള്‍ഡ് മത്സരവേദിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മാനുഷിയെത്തിയത്.

1997 മെയ് 14 നാണ് മാനുഷി ജനിച്ചത്. അച്ഛന്‍ മിത്ര ബസു ചില്ലാര്‍. അമ്മ നീലം ചില്ലാര്‍. ഇരുവരും ഡോക്ടര്‍മാര്‍. ദാല്‍മിത്ര ചില്ലാറും ദേവാംഗന ചില്ലാറുമാണ് സഹോദരങ്ങള്‍. ന്യൂ ദല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലെ പഠനത്തിന് ശേഷം ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മെഡിസിന് ചേര്‍ന്നു. പഠനത്തോടൊപ്പം നൃത്തവും പാട്ടും ചിത്രരചനയും കവിതാരചനയുമെല്ലാമുണ്ട് മാനുഷിക്ക്. മികച്ച കുച്ചിപ്പുടി നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും അംഗമാണ്.

ഗൈനക്കോളജിസ്റ്റ് ആകണമെന്നാണ് മാനുഷിയുടെ ആഗ്രഹം. മോഡലിങിനൊപ്പം സാഹസികതയും ഇഷ്ടപ്പെടുന്നു. പാരാഗ്ലൈഡിങ്, ബഞ്ചീ ജംപിങ്, സ്‌കൂബാ ഡൈവിങ് അങ്ങനെ പോകുന്നു ആ ഇഷ്ടങ്ങള്‍. ചാരക്കണ്ണുകളുള്ള ഈ സുന്ദരിയുടെ ഉയരം 173 സെന്റീമീറ്ററാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇഷ്ട വ്യക്തിത്വം. 2000 ത്തില്‍ പ്രിയങ്ക ചോപ്രയിലൂടെയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. അതേ പ്രിയങ്കതന്നെയാണ് മാനുഷിയുടെ ഇഷ്ടപ്പെട്ട നടിയും.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മാനുഷിയുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചറിയാനാണ് ആരാധകരുടെ ആകാംക്ഷ. അത് മനസ്സിലാക്കി മാനുഷി ആ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. എട്ട് മണിക്കൂര്‍ ഉറക്കം!. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിനോട് ഒട്ടും യോജിപ്പില്ല ഈ സുന്ദരിക്ക്. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. മധുരത്തോട് അത്ര പഥ്യമില്ല. മുടങ്ങാതെയുള്ള വ്യായാമവും സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് മാനുഷിയുടെ അഭിപ്രായം.

സമചിത്തതയോടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുക എന്നതാണ് മാനുഷിയുടെ രീതി. ലോകസുന്ദരി പട്ടം നേടിയപ്പോള്‍ മാനുഷിയെ പല പ്രമുഖരും ട്വിറ്ററിലൂടെയും മറ്റും അഭിനന്ദനം അറിയിച്ചിരുന്നു. ഇതില്‍ പുലിവാല്‍ പിടിച്ചതാവട്ടെ ശശി തരൂരും. ചില്ലാറെ ചില്ലറയെന്ന് വിശേഷിപ്പിച്ച്, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിക്കാനാണ് തരൂര്‍ തന്റെ ട്വീറ്റിലൂടെ ശ്രമിച്ചത്. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയത് ബിജെപി മനസ്സിലാക്കണം.

ചില്ലറ പോലും ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നായിരുന്നു ശശി തൂരൂരിന്റെ ട്വീറ്റ്. ഇത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മാപ്പ് പറഞ്ഞ് തരൂര്‍ ട്വിറ്ററില്‍ വീണ്ടുമെത്തി. ലോകത്തിലെ വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയ പെണ്‍കുട്ടിയെ ഇത്തരം തമാശകള്‍ അസ്വസ്ഥപ്പെടുത്തില്ലെന്ന മറുപടിയാണ് മാനുഷി ട്വിറ്ററിലൂടെത്തന്നെ ശശി തരൂരിന് നല്‍കിയത്.
108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരി കിരീടം ചൂടിയത്. റീത്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്ത മുഖി, പ്രിയങ്ക ചോപ്ര എന്നിവരാണ് ഇതിന് മുമ്പ് ലോകസുന്ദരിമാരായ ഇന്ത്യാക്കാര്‍. ഇവരെപ്പോലെ മാനുഷിയുടെ സിനിമാലോകത്തേക്കുള്ള പ്രവേശനവും എന്നാണെന്നേ ഇനി അറിയേണ്ടൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.