ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി 6 മാസത്തിലൊരിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 21 November 2017 6:59 pm IST

കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി 6 മാസത്തിലൊരിക്കല്‍ ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വാഹനം ഓടിക്കാന്‍ കഴിവുള്ള നൂറുകണക്കിന് അംഗപരിമിതര്‍ക്ക് അത് ഉപജീവനമാര്‍ഗ്ഗമാകാന്‍ കഴിയുമെന്നതിനാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് സംസ്ഥാന ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലര്‍ ഇറക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കുലറിലെ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി എല്ലാ ആര്‍.റ്റി.ഒ ഓഫീസുകളിലും പൊതുജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വ്യക്തമാകുന്ന തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ സര്‍ക്കുലറിന്റെ പകര്‍പ്പ് ഭിന്നശേഷികാര്‍ക്ക് നല്‍കുന്നതിന് എല്ലാ ആര്‍ടിഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബാലുശേരി സ്വദേശിനി ബി. ബീന സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അംഗപരിമിതയായ ബീന ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. ഇടത്തെ കാലിന് നീളക്കുറവുള്ളതു കാരണം കൃത്രിമചക്രക്കാലിന്റെ സഹായത്തോടെ ഓട്ടോഗിയര്‍ സിസ്റ്റമുള്ള കാര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സിനാണ് അപേക്ഷിച്ചത്. 2016 ഓഗസ്റ്റ് 18 ന് ലേണേഴ്‌സ് ലൈസന്‍സ് അനുവദിച്ചു. 2016 നവംബര്‍ 8 ന് ഡ്രൈവിംഗ് ടെസ്റ്റിന് സമയം നല്‍കി. എന്നാല്‍ സ്വന്തം പേരില്‍ വാങ്ങിയ വാഹനത്തില്‍ മാത്രമേ ടെസ്റ്റ് അനുവദിക്കുകയുള്ളൂവെന്ന് ആര്‍.റ്റി.ഒ ശഠിച്ചു. പിന്നീട് മേലാധികാരികള്‍ക്ക് അപേക്ഷ നല്‍കി ടെസ്റ്റിന് ഹാജരായി പാസായി. ഡ്രൈവിംഗ് ലൈസന്‍സ് വേണമെങ്കില്‍ വാഹനത്തിന്റെ ആര്‍.സി.യില്‍ ഇന്‍വാലിഡ് കാരിയേജ് എന്നാക്കണമെന്ന് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. അങ്ങനെയൊരു നിയമം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അപമര്യാദയായി പെരുമാറി. ശാരീരികക്ഷമതയനുസരിച്ച് ക്ലച്ചില്ലാത്ത വാഹനം ഓടിക്കാന്‍ ആര്‍.സി യില്‍ മാറ്റം വരുത്തേണ്ടെന്ന് ജോയിന്റ് ആര്‍.റ്റി.ഒ പറഞ്ഞതനുസരിച്ച് 37 ദിവസം താമസിച്ച് ലൈസന്‍സ് അനുവദിച്ചു. എന്നാല്‍ അംഗപരിമിതര്‍ ടെസ്റ്റിന് വരുമ്പോള്‍ അംഗപരിമിതിക്ക് അനുസരിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കൊണ്ടുവരണമെന്ന ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍.റ്റി.ഒ കമ്മീഷനെ അറിയിച്ചു. പരാതിക്കാരിക്ക് ഡ്രൈവിംഗ് ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നല്‍കിയതിന്റെ പേരില്‍ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.