വളപട്ടണം പോലീസ് സ്‌റ്റേഷന്‍ സിപിഎം ഏരിയാ കമ്മറ്റി ആഫീസായി പ്രവര്‍ത്തിക്കുന്നു: ബിജെപി

Tuesday 21 November 2017 8:01 pm IST

അഴീക്കല്‍: വളപട്ടണം പോലിസ് സ്‌റ്റേഷന്‍ സിപിഎമ്മിന്റെ ഏരിയാ കമ്മറ്റി ആഫീസായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെകെ.വിനോദ് കുമാര്‍ പറഞ്ഞു. അഴീക്കോട് വെള്ളക്കല്ലില്‍ സിപിഎം അതിക്രമത്തിനെതിരെ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളപട്ടണം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി അക്രമങ്ങളു ണ്ടായി. ബോംബുകളും മറ്റായുധങ്ങളും ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തു. 11 സംഭവങ്ങളില്‍ ആരെയും അറസ്റ്റു ചെയ്യാനോ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാനോ വളപട്ടണം എസ്‌ഐ തയ്യാറായില്ല. ഇതില്‍ വിദ്യാര്‍ത്ഥിക്ക് നേരെ നടന്നതുള്‍പ്പെടെ നാല് വധശ്രമങ്ങളും ബോംബ് ഉപയോഗിച്ച് വീടുകള്‍ തകര്‍ത്ത സംഭവങ്ങളുമുണ്ട്.
രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്ന ഐ.എസ് തീവ്രവാദികളും പോപ്പുലര്‍ ഫ്രണ്ടുകാരും വളപട്ടണം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വിഹരിക്കുകയാണ്. മണല്‍ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും വളപട്ടണത്തുണ്ട്.
അഴീക്കോട് വെള്ളക്കല്ലില്‍ നാല് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമങ്ങളുണ്ടായി. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. വളപട്ടണം എസ്‌ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തിയത്. വളപട്ടണം എസ്‌ഐക്ക് നേരെ വകുപ്പ് തലത്തില്‍ നടപടി വേണം. മുഴുവന്‍ സിപിഎം അക്രമികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹ ബൗദ്ധിക് പ്രമുഖ് ശ്യാം മോഹന്‍ സംസാരിച്ചു. കെ.ഷൈജു സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ഒ.കെ.സന്തോഷ് കുമാര്‍, പി.പി.അജിത്കുമാര്‍, പി.പ്രശാന്തന്‍, രാജേന്ദ്രന്‍, അനികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.