മുണ്ടൂരില്‍ സിപിഎം നേതൃത്വം വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി

Wednesday 19 September 2012 2:20 pm IST

പാലക്കാട്: മുണ്ടൂരില്‍ വിമതര്‍ക്ക്‌ മുന്നില്‍ സിപിഎം സംസ്ഥാന നേതൃത്വം കീഴടങ്ങി. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയ ഗോകുല്‍ദാസിനെതിരായ നടപടി പിന്‍വലിച്ചു. മുണ്ടൂര്‍ ഏരിയാ കമ്മറ്റിയില്‍ ഗോകുല്‍ദാസ് തുടരും. ഏരിയ സെക്രട്ടറിയായി സുധാകരന്‍ തുടരും. വിമതര്‍ക്ക് പഴയ സ്ഥാനങ്ങള്‍ നല്‍കാനും തീരുമാനമായി. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലക്കമ്മറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റ് ജില്ലാ കമ്മറ്റിയെ അറിയിച്ചു. മുണ്ടൂരില്‍ സമാന്തര ഏരിയാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടരുന്ന പി എ ഗോകുല്‍ദാസിനെയും സംഘത്തെയും അനുനയിപ്പിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറായതോടെയാണ് കോടിയേരിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നത്. മുണ്ടൂര്‍ വിമതര്‍ക്ക് നേരെ അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് നേരത്തെ പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച്‌ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയാണെന്നും ഗോകുല്‍ദാസിന്റെ ഭാര്യ ജീവനൊടുക്കിയതിന്‌ പിന്നില്‍ അദ്ദേഹമാണെന്ന്‌ ഇക്കാര്യം അന്വേഷിച്ച പാര്‍ട്ടി അന്വേഷണകമ്മീഷന്‌ വിവരം ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോകുല്‍ദാസിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്‌. ഇതില്‍ പ്രതിഷേധിച്ച്‌ ഗോകുല്‍ദാസ്‌ വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. സമാന്തര ഏരിയാ കമ്മറ്റിയും ഇവര്‍ രൂപീകരിച്ചിരുന്നു. കണ്‍വെന്‍ഷനിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ നേതൃത്വം പുനരാലോചനയ്ക്ക്‌ തയാറായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.